എന്ത് കൊറോണ ? എന്ത് സാമൂഹിക അകലം?യാത്രക്കാരെ കുത്തിനിറച്ചു സര്‍വ്വീസ് നടത്തിയ ബസുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു

കൊച്ചി : സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കുത്തിനിറച്ചു കയറ്റിയ രണ്ട് ബസുകള്‍ പൊലീസ് കസ്റ്റഡിയില്‍. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസുകള്‍ പിടികൂടിയത്. എറണാകുളത്തു നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് തേവരയില്‍ വച്ചും എറണാകുളം പൂത്തോട്ട സര്‍വീസ് നടത്തുന്ന ബസ് വളഞ്ഞമ്പലത്തു വച്ചുമാണ് പിടികൂടിയത്.

ഒരു സീറ്റില്‍ ഒരാളെ മാത്രമേ കയറ്റാന്‍ പാടുള്ളൂ എന്നിരിക്കെ നിറയെ ആളുകളെ കയറ്റിയതിനാണ് ബസ് പിടികൂടിയതെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് പരിശോധിക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ നഗരത്തില്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ട്. നഗരത്തിലെ ഏതാണ്ട് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ജോലിക്കും മറ്റുമായി എത്തുന്നവരുണ്ട്. മുഴുവന്‍ ബസുകളും സര്‍വീസ് നടത്താത്തതിനാല്‍ ബസ് സ്റ്റോപ്പുകളില്‍ കാത്തു നില്‍ക്കുന്നവരുടെ എണ്ണം കാര്യമായി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് ബസുകളില്‍ ആളുകള്‍ തിക്കിക്കയറിത്തുടങ്ങിയത്.

ഓടാത്ത കാലയളവിലെ ഇന്‍ഷുറന്‍സ്, ടാക്‌സ് ഇളവുകള്‍ ലഭിക്കുന്നതിന് രണ്ടു മാസം പൂര്‍ത്തിയാകാന്‍ ബസുകള്‍ കാത്തിരിക്കുന്നതിനാലാണ് എല്ലാ ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ സാധിക്കാത്തത്. കാലാവധി കഴിഞ്ഞ് പുതിയ ഇന്‍ഷുറന്‍സ് എടുത്ത് ഓടുന്ന ബസുകളും നഷ്ടം സഹിച്ച് ഓടുന്ന ബസുകളുമാണ് നിരത്തിലുള്ളതെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോ. എറണാകുളം ജില്ലാ ജന. സെക്രട്ടറി കെ.ബി. സുനീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും സാമൂഹിക അകലം പാലിക്കാതെ ഓടിയ ബസുകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. അയ്യായിരം രൂപ വരെയാണ് ബസുടമകളില്‍ നിന്ന് ഈടാക്കുന്നത്. നഷ്ടം സഹിച്ച് ബസുകള്‍ സര്‍വീസ് നടത്തുന്ന പശ്ചാത്തലത്തില്‍ പൊലീസ് നടപടിക്കെതിരെ തൃക്കാക്കര എസിപിയെയും കലക്ടറെയും സമീപിക്കുമെന്ന് കെ.ബി. സുനീര്‍ പറഞ്ഞു. മിക്ക സ്റ്റോപ്പുകളല്‍ നിന്നും ആളുകള്‍ കൂട്ടമായി ബസില്‍ കയറുമ്പോള്‍ നിയന്ത്രിക്കുന്നതിന് കണ്ടക്ടര്‍മാര്‍ക്ക് സാധിക്കാത്തതാണ് പ്രധാന പ്രശ്‌നം. നിയമം ലംഘിക്കുന്ന യാത്രക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ബസുകാരെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment