പറഞ്ഞത് പോലെ ഞാൻ തിരിച്ചുവന്നു; ഒരുമിച്ച് രാജ്യത്തെ രക്ഷിക്കാമെന്ന് കെജ്‌രിവാൾ; വാർത്താ സമ്മേളനം നാളെ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങി. തിഹാർ ജയിലിലെ നാലാം നമ്പർ ഗേറ്റ് വഴിയാണ് പുറത്തിറങ്ങിയത്.50 ദിവസങ്ങൾക്ക് ശേഷമാണ് ജയിലിൽ നിന്ന് മോചിതനാകുന്നത്.

സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയിൽമോചിതനായത്. കെജ്‌രിവാളിനെ സ്വീകരിക്കാൻ വൻതോതിലാണ് ആംആദ്മി പാർട്ടി പ്രവർത്തകർ തിഹാർ ജയിലിന് മുമ്പിൽ എത്തിയത്.

പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. പറഞ്ഞത് പോലെ താൻ തിരിച്ചുവന്നു. ഒരുമിച്ച് രാജ്യത്തെ രക്ഷിക്കുമെന്നും ജയിലിന് പുറത്തെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്ത് കെജ്‌രിവാൾ പറഞ്ഞു. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് അദ്ദേഹം വാർത്താസമ്മേളനം നടത്തും.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനാവില്ല. ഫയലുകളിൽ ഒപ്പിടരുത്, മന്ത്രിസഭായോഗം വിളിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്.

കെജ്‌രിവാളിന്റെ തിരിച്ചുവരവ് ആംആദ്മി പാർട്ടിയുടെ ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി കൂട്ടിയിരിക്കുകയാണ്. ഡൽഹിയിലും ഹരിയാനയിലും മെയ് 25നും പഞ്ചാബിൽ ജൂൺ ഒന്നിനുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

pathram:
Leave a Comment