20 ലക്ഷം കോടിയുടെ പദ്ധതികള്‍ ‘പാക്കേജ് ഓഫ് ലോണ്‍സ്’ ;സാമ്പത്തിക ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന് സര്‍ക്കാര്‍ പഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പദ്ധതികള്‍ ‘പാക്കേജ് ഓഫ് ലോണ്‍സ്’ ആണെന്നും കര്‍ഷകരുടെയും കുടിയേറ്റ തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത് പര്യാപ്തമല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

പണം നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെങ്കില്‍ ലോക്ഡൗണ്‍ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. ജനങ്ങള്‍ക്ക് പണമാണ് വേണ്ടത്. പ്രധാനമന്ത്രി ആ പാക്കേജിനെ കുറിച്ച് ചിന്തിക്കണം. പണം നേരിട്ട് അക്കൗണ്ടില്‍ എത്തുന്നതും തൊഴിലുറപ്പ് പദ്ധതി പ്രകാരം 200 തൊഴില്‍ ദിനങ്ങളും, കര്‍ഷകര്‍ക്ക് പണവും വേണം. കാരണം അവരാണ് ഇന്ത്യയുടെ ഭാവി. സൂം വീഡിയോ കോള്‍ വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം മുന്നോട്ട് വച്ച ‘ന്യായ് പദ്ധതി’ നടപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദരിദ്ര വിഭാഗത്തിന് 72,000 രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്. നിരത്തിലുടെ നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് പണമാണ് വേണ്ടത്, വായ്പയല്ല. പണം ആവശ്യമുള്ള കര്‍ഷകര്‍ക്കും വേണ്ടത് വായ്പയല്ല. അത് നല്‍കിയില്ലെന്ന് മഹാദുരന്തമായി പ്രശ്‌നം മാറും.’ രാഹുല്‍ ഓര്‍മ്മിപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular