‘കള്ളം, ചതി, മൂടിവയ്ക്കലുകള്‍’ എന്നിവയ്ക്കു ചൈനീസ് സര്‍ക്കാരിനോട് കണക്കു പറയിക്കുമെന്ന് യുഎസ്

വാഷിങ്ടന്‍ : ലോക രാജ്യങ്ങളെ കോവിഡ് മഹാമാരിയിലേക്കു കൊണ്ടുതള്ളിയ ചൈനീസ് സര്‍ക്കാരിനോട് അവരുടെ ‘കള്ളം, ചതി, മൂടിവയ്ക്കലുകള്‍’ എന്നിവയ്ക്കു കണക്കു പറയിക്കുമെന്ന് യുഎസ് സെനറ്റര്‍. ഇതിനായി സെനറ്റര്‍ ടോം ടില്ലിസ് 18 ഇന പദ്ധതി പുറത്തുവിട്ടു. ഇന്ത്യയുമായി സൈനിക സഹകരണം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പദ്ധതിയിലുണ്ട്. ചൈനയില്‍നിന്നു നിര്‍മാണ യൂണിറ്റുകളെ മാറ്റി ഇന്ത്യയിലേക്കും വിയറ്റ്‌നാമിലേക്കും തയ്‌വാനിലേക്കും കൊണ്ടുവരികയെന്നും ഈ രാജ്യങ്ങളുമായി സൈനിക സഹകരണം ശക്തമാക്കണമെന്നും ടില്ലിസിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.

ചൈനീസ് സര്‍ക്കാര്‍ പകയോടെ കാര്യങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു. ഇതിന്റെ ഫലമായി ആഗോളതലത്തില്‍ മഹാമാരിയായി കോവിഡ് മാറി. ഇതുമൂലം നിരവധി അമേരിക്കക്കാര്‍ക്കാണ് കഷ്ടപ്പാടുണ്ടായിരിക്കുന്നത്. ഇതേ സര്‍ക്കാരാണ് സ്വന്തം ജനങ്ങളെ ലേബര്‍ ക്യാംപുകളില്‍ തളച്ചിടുന്നതും അമേരിക്കയുടെ സാങ്കേതിക വിദ്യയും തൊഴിലും മോഷ്ടിക്കുന്നതും നമ്മുടെ സഖ്യകക്ഷികളുടെ പരമാധികാരത്തിന്മേല്‍ ഭീഷണിയുയര്‍ത്തുന്നതും’ – ടില്ലിസ് പദ്ധതി അവതരിപ്പിച്ചു പറഞ്ഞു.

പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി പസിഫിക് ഡിറ്ററന്‍സ് ഇനിഷ്യേറ്റീവ് തയാറാക്കണമെന്നും ഇതിനായി സൈന്യത്തിന്റെ ആവശ്യത്തിലേക്ക് 20 ബില്യണ്‍ യുഎസ് ഡോളര്‍ അനുവദിക്കണമെന്നും ടില്ലിസ് ആവശ്യപ്പെടുന്നു. ജപ്പാന്റെ സൈന്യത്തെ പുനരുദ്ധരിക്കണമെന്നും ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ആയുധങ്ങള്‍ വില്‍ക്കണമെന്നും ആവശ്യപ്പെടുന്നു. ചൈനയില്‍നിന്ന് യുഎസിലേക്ക് എല്ലാ ഉല്‍പ്പാദന / നിര്‍മാണ യൂണിറ്റുകളും മാറ്റണം. അങ്ങനെ ചൈനയില്‍നിന്നുള്ള സപ്ലൈ ചെയിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം.

ചൈനീസ് ഹാക്കിങ്ങിനെതിരെ സൈബര്‍ സുരക്ഷ ശക്തമാക്കണം. കടംവീട്ടാന്‍ ചൈന അമേരിക്കന്‍ നികുതിദായകരുടെ പണം ഉപയോഗിക്കുന്നതു തടയുക. ചൈനീസ് കമ്പനിയായ വാവെയ്‌യ്ക്ക് യുഎസ് നിരോധനം ഏര്‍പ്പെടുത്തുക. സഖ്യകക്ഷികളെക്കൊണ്ടും അതു ചെയ്യിപ്പിക്കുക. മനുഷ്യാവകാശത്തിനെതിരെ ചൈന നടത്തുന്ന പ്രവൃത്തികള്‍ക്ക് ചൈനയെ ഉപരോധിക്കുകയും ചെയ്യണം.

2022ല്‍ ബെയ്ജിങ്ങില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിംപിക്‌സ് പിന്‍വലിക്കാന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയോട് ട്രംപ് ഭരണകൂടം ആവശ്യപ്പെടണം. യുഎസിനകത്തു വന്ന് ചൈന നടത്തുന്ന സംഘടിതമായ ആശയപ്രചാരണം അവസാനിപ്പിക്കണം. കോവിഡ് മൂടിവച്ചെന്ന കാര്യത്തില്‍ ചൈനീസ് സര്‍ക്കാരിനെതിരെ അന്വേഷണം വേണം. ലോകാരോഗ്യ സംഘടനയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തണം. മറ്റു രാജ്യങ്ങളെ കടത്തില്‍പ്പെടുത്തി ചൈന നടത്തുന്ന നയതന്ത്രത്തെ പുറത്തുകൊണ്ടുവരണം– ടില്ലിസ് കൂട്ടിച്ചേര്‍ത്തു

pathram:
Related Post
Leave a Comment