മദ്യശാലകളിലെ ഓണ്‍ലൈന്‍ ക്യൂ; ആപ്പ് വികസിപ്പിക്കാനുള്ള കരാര്‍ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയ്ക്ക്

തിരുവനന്തപുരം: മദ്യശാലകളിലെ ഓണ്‍ലൈന്‍ ക്യൂ സംവിധാനത്തിനുള്ള ആപ്പ് വികസിപ്പിക്കാനുള്ള കരാര്‍ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫെയര്‍ കോഡിന് നല്‍കിയേക്കും. എത്ര സമയത്തിനകം ആപ്പ് തയാറാക്കാന്‍ കഴിയും, എന്തെല്ലാം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും തുടങ്ങിയ കാര്യങ്ങള്‍ ബവ്‌റിജസ് എംഡി സ്പര്‍ജന്‍ കുമാര്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. എത്രയും വേഗം ആപ്പ് തയാറാക്കി നല്‍കണമെന്ന നിര്‍ദേശമാണ് ബവ്‌കോ മുന്നോട്ടു വച്ചത്.

ശനിയാഴ്ച നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ ആപ്പ് എന്നു തയാറാക്കി നല്‍കാമെന്ന കാര്യം കമ്പനി പ്രതിനിധികള്‍ അറിയിക്കും. അതിനുശേഷം കരാര്‍ ഒപ്പിടും. മദ്യശാലകള്‍ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 301 ഷോപ്പുകളാണ് ബവ്‌കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനുമുള്ളത്. 598 ബാറുകളും 357 ബീയര്‍, വൈന്‍ പാര്‍ലറുകളുമുണ്ട്. ഒരു ദിവസം ശരാശരി 7 ലക്ഷം പേരാണ് ബവ്‌കോ ഷോപ്പുകളിലെത്തുന്നത്.

തിരക്കുള്ള ദിവസങ്ങളില്‍ ഇത് 10.5 ലക്ഷം വരെയെത്തും. ബവ്‌കോ ഷോപ്പുകളിലെ തിരക്കൊഴിവാക്കാന്‍ ബാറുകളിലെ കൗണ്ടറുകളിലൂടെ പഴ്‌സലായി മദ്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ആപ്പില്‍ ഏര്‍പ്പെടുത്തണം. മദ്യം വാങ്ങാനുള്ള ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബവ്‌റിജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും.

നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാന്‍ സാധിക്കൂ. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്താല്‍ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും. ബാറുകളിലെ കൗണ്ടറിലും ഇതേ സൗകര്യം ഏര്‍പ്പെടുത്തും. പണം ഷോപ്പുകളിലും ബാര്‍ കൗണ്ടറുകളിലും നല്‍കണം. സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് എസ്എംഎസ് സംവിധാനത്തിലൂടെ മദ്യം നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

pathram:
Related Post
Leave a Comment