തിരുവനന്തപുരം : കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ താഴ്ന്നു തുടങ്ങിയ കേരളത്തിന്റെ കോവിഡ് ഗ്രാഫ് വീണ്ടും ഉയരുന്നു. ഈ മാസം ആദ്യം തുടര്‍ച്ചയായ ദിവസങ്ങളില്‍ പൂജ്യത്തിലെത്തിയ പുതിയ രോഗികളുടെ എണ്ണം വരുംദിവസങ്ങളിലും വര്‍ധിക്കാനിടയുണ്ടെന്നാണു സൂചന. എന്നാല്‍, ക്വാറന്റീന്‍ കര്‍ശനമായി നടപ്പാക്കുന്നുവെങ്കില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
അതേസമയം, സമ്പര്‍ക്കംവഴിയുള്ള രോഗബാധ വര്‍ധിക്കുന്നതു ഗൗരവത്തോടെ കാണണമെന്നു വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി. മേയ് 1ന് പുതിയ രോഗികള്‍ ഉണ്ടായിരുന്നില്ല. ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ എണ്ണം 102 ആയിരുന്നു. 8ന് ഇത് 16 വരെയായി താഴ്ന്നു. പിന്നീട് ഉയര്‍ന്ന് ഇന്നലെ 64 ആയി.
സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതു വര്‍ധിക്കുന്നുവെന്നാണു കണക്കുകള്‍. ഇന്നലെ മാത്രം 11 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പുതിയ രോഗികളില്‍ 40% സമ്പര്‍ക്കത്തിലൂടെ ബാധിച്ചവരാണ്. കേരളത്തില്‍ ഇതുവരെയുള്ള രോഗികളില്‍ 380 പേര്‍ വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയവരാണ്. ഇവരില്‍ നിന്നു രോഗം പകര്‍ന്ന 170 പേരില്‍ 90% കുടുംബാംഗങ്ങളാണ്.
അതേസമയം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതു സംസ്ഥാനം നേരിടുന്ന വിപത്തിന്റെ സൂചനയാണെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ മരുന്നിന്റെ അഭാവത്തില്‍ എച്ച്‌ഐവിയെ പോലെ തന്നെ കോവിഡ് ലോകത്താകെ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. പൊതുസമൂഹത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ യാഥാര്‍ഥ്യമാക്കുകയുമാണു പ്രധാനം. പൊതുസമൂഹം ജീവിതശൈലിയില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടി വരും. ലോക്ഡൗണ്‍ കഴിഞ്ഞാലും നിയന്ത്രണങ്ങള്‍ ഉണ്ടാകും. മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്ത വിധം വ്യാപാര കേന്ദ്രങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലുമൊക്കെ ക്രമീകരണങ്ങള്‍ വേണം.
അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക, അവിടെ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കുക തുടങ്ങിയ നടപടികള്‍ക്ക് എല്ലാവരും തയാറാകണം. റസ്റ്ററന്റുകളിലും ഷോപ്പിങ് സെന്ററുകളിലും മറ്റും മുന്‍കൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കള്‍ക്കു സമയക്രമം അനുവദിക്കുന്നത് ഉള്‍പ്പെടെ പരിശോധിക്കേണ്ടിവരും. ലോക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകള്‍ കോവിഡിനെ മുന്നില്‍ കണ്ടാണു ജീവിക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 124 മലയാളികള്‍ ഇതിനകം കോവിഡില്‍ മരിച്ചു. ആരോഗ്യ-സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കുന്നവരും രോഗത്തിനു കീഴടങ്ങി.