അമേരിക്കയിലും ബ്രിട്ടണിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് മുതല്‍ നാട്ടിലെത്തിക്കും

ന്യുഡല്‍ഹി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അമേരിക്കയിലും ബ്രിട്ടണിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇന്ന് മുതല്‍ നാട്ടിലെത്തിക്കും. യു.എസില്‍ നിന്നും ബ്രിട്ടണില്‍ നിന്നുമുള്ള ആദ്യ വിമാനം ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. വന്ദേ ഭാരത് ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയാണ് സ്‌പെഷ്യല്‍ വിമാന സര്‍വീസുകള്‍.

അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ആദ്യസംഘം പുറപ്പെടുന്നത്. 200 പേരാണ് ആദ്യസംഘത്തില്‍. ആദ്യം മുംബൈയിലെത്തുന്ന വിമാനം പിന്നീട് ഹൈദരാബാദിലുമിറങ്ങും. തിങ്കളാഴ്ച ന്യുയോര്‍ക്കില്‍ നിന്നും 300 ഓളം ആളുകളുമായി മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും വിമാനം എത്തുന്നുണ്ട്.

നാട്ടിലേക്ക് മടങ്ങാന്‍ ആദ്യആഴ്ചയില്‍ തന്നെ 25,000 ഓളം പേരാണ് യു.എസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു പറഞ്ഞു. ഏഴ് വിമാനങ്ങളാണ് നിലവില്‍ സജ്ജമാക്കിയിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ അതിനുള്ള അവസരമൊരുക്കുമെന്നും അംബാസഡര്‍ വ്യക്തമാക്കി.

ബ്രിട്ടണില്‍ നിന്നുള്ള ആദ്യസംഘത്തില്‍ 326 പേരാണ് മുംബൈയിലെത്തിയത്. എയര്‍ഇന്ത്യയുടെ എഐ130 ബോയിംഗ് 777 വിമാനം ശനിയാഴ്ച ലണ്ടനില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 1.30 ഓടെ വിമാനം മുംബൈ ഛത്രപതി ശിവാജി മഹാരാജ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular