അങ്ങനെ ഒരു കീഴ് വഴക്കമില്ല..!! കൊറോണയെ കുറിച്ച് പഠിക്കാന്‍ ആരും ഇതുവഴി വരണ്ട..; യുഎസ് സംഘത്തെ വുഹാനില്‍ കയറ്റില്ല; നിലപാട് വ്യക്തമാക്കി ചൈന

കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് വുഹാനിലെത്തി അന്വേഷണം നടത്താന്‍ അമേരിക്കന്‍ സംഘത്തിന് അനുമതി നല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം ചൈന തള്ളി. തങ്ങള്‍ കോവിഡ് 19ന്റെ ഇരകളാണെന്നും കുറ്റവാളികളല്ലെന്നും ചൈന വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതില്‍ ആദ്യഘട്ടത്തില്‍ ചൈന വീഴ്ച വരുത്തിയെന്ന ആഗോളപ്രതികരണത്തില്‍ അന്വേഷണം വേണമെന്ന ഓസ്‌ട്രേലിയയുടെ ആവശ്യവും ചൈന തള്ളി. കോവിഡ് പ്രതിരോധത്തില്‍ ചൈന പുലര്‍ത്തുന്ന സുതാര്യതയെക്കുറിച്ച് ഉയരുന്ന ഒരു ചോദ്യവും വസ്തുതാപരമല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

ഡിസംബര്‍ അവസാനം കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ വുഹാനിലെത്തി പരിശോധന നടത്താന്‍ അമേരിക്കയെ അനുവദിക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏറെ നാളായി ചൈനയോട് ആവശ്യപ്പെടുന്നു. തനിക്കുള്ള അതൃപ്തി ഞായറാഴ്ച ട്രംപ് വ്യക്തമാക്കുകയും ചെയ്തു. വുഹാനില്‍ ചെല്ലുന്ന കാര്യം കുറേ നാളുകളായി ചൈനീസ് അധികൃതരോടു സംസാരിക്കുന്നതാണെന്നു ട്രംപ് പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് നേരിട്ട് അറിയണം. ഇതുവരെ ക്ഷണം കിട്ടിയില്ലെന്നും ട്രംപ് പറഞ്ഞു. വുഹാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണോ വൈറസ് പുറത്തുപോയതെന്നതിനെക്കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

എന്നാല്‍ വൈറസ് മാനവരാശിയുടെ മുഴുവന്‍ ശത്രുവാണെന്നും ഏതുസമയത്തും ലോകത്തിന്റെ ഏതുഭാഗത്തും അതു പ്രത്യക്ഷപ്പെടാമെന്നും ട്രംപിനു മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു. മറ്റേതു രാജ്യത്തേയും പോലെ വൈറസ് ചൈനയേയും ആക്രമിച്ചു. ചൈന ഇരയാണ്, കുറ്റവാളിയല്ല. വൈറസിന്റെ പങ്കാളിയല്ല ചൈനയെന്നും ശക്തമായ ഭാഷയില്‍ ജെങ് ഷുവാങ് പ്രതികരിച്ചു.

വൈറസ് ബാധയുണ്ടായതിനു പിന്നാലെ അതു തടയാന്‍ വളരെ ഗൗരവത്തോടെയും സുതാര്യതയോടെയുമാണ് ചൈന നടപടികള്‍ സ്വീകരിച്ചത്. രാജ്യാന്തര സമൂഹത്തിനു തന്നെ ചൈനയുടെ നടപടികള്‍ മാതൃകയാണ്. ലോകത്തുണ്ടായ മരണങ്ങളുടെ പേരില്‍ ചൈനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന അമേരിക്കയുടെ വാദത്തോട്, അത്തരത്തില്‍ കീഴ്‌വഴക്കമുള്ളതായി അറിവില്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. എച്ച്1എന്‍1 ഇന്‍ഫ്‌ലുവന്‍സ 2009ല്‍ യുഎസിലാണ് കണ്ടെത്തിയത്. അതുപോലെ എച്ച്‌ഐവി. 2008ല്‍ അമേരിക്കയിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആഗോളമാന്ദ്യമായി മാറിയത്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം അമേരിക്കയ്ക്കാണെന്ന് ആരെങ്കിലും പറഞ്ഞോ എന്നും ജെങ് ഷുവാങ് ചോദിച്ചു.

വൈറസിന്റെ സ്രോതസിനെ കുറിച്ച് ലോകാരോഗ്യസംഘടനയുടെ ഇടപെടല്‍ ഇല്ലാതെ ഒരു അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയയുടെ ആവശ്യവും അംഗീകരിക്കാനാവില്ലെന്ന് ജെങ് ഷുവാങ് പറഞ്ഞു. ലോകാരോഗ്യ സംഘടന ചൈനയെ പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ചാണ് ട്രംപ് ധനസഹായം നല്‍കുന്നത് നിര്‍ത്തിവച്ചത്.

വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് പുറത്തുവന്നതെന്ന ആരോപണം ജെങ് ഷുവാങ് നിഷേധിച്ചു. എച്ച്‌ഐവി വാക്‌സിന്‍ നിര്‍മാണത്തിനിടയില്‍ ലാബില്‍നിന്നാണ് വൈറസ് പടര്‍ന്നതെന്ന് ഫ്രഞ്ച് നൊബേല്‍ ജേതാവായ ശാസ്ത്രജ്ഞന്‍ ലുക് മൊണ്ടാഗനിയേഴ്‌സ് പറഞ്ഞിരുന്നു. ഇതിനു തെളിവില്ലെന്ന് നിരവധി ശാസ്ത്രജ്ഞന്മാരും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ടെന്ന് ജെങ് ഷുവാങ് പറഞ്ഞു. പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യഉപകരണങ്ങള്‍ ചൈന തടഞ്ഞുവയ്ക്കുകയാണെന്ന അമേരിക്കയുടെ ആരോപണവും അടിസ്ഥാനരഹിതമാണെന്നു ചൈനീസ് അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 17 വരെ 1.64 ബില്യന്‍ മാസ്‌കുകളും 19.19 മില്യന്‍ സര്‍ജിക്കല്‍ പ്രൊട്ടക്ടീവ് സ്യൂട്ടുകളും 156 ഇന്‍വാസീവ് വെന്റിലേറ്ററുകളും 4254 നോണ്‍ ഇന്‍വാസീവ് വെന്റിലേറ്ററുകളും ചൈന നല്‍കിയെന്ന് ജെങ് ഷുവാങ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51