ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റം; പ്രധാനപ്പെട്ട ഇളവുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് പിന്‍വലിച്ചത്.

സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം തിരുത്തലുമായി രംഗത്തെത്തിയത്.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണിവരെയായി പുനഃക്രമീരിച്ചു.

കേരളം നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ കേന്ദ്രനിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്താണെന്നും ഉത്തരവ് തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്നും പരസ്പരം ചര്‍ച്ചചെയ്താണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.

വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാനം ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വര്‍ക്ക്‌ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular