അപൂര്‍വമായി മാത്രം പിറക്കുന്ന ചില താരങ്ങളുണ്ട്. ധോണി അവരിലൊരാളാണ്.. ദയവ് ചെയ്ത് വിരമിക്കലിലേക്ക് തള്ളിവിടരുത്..

മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ വിരമിക്കല്‍ ആവശ്യം ഉയര്‍ത്തി സമ്മര്‍ദ്ദത്തിലാക്കുന്ന ആരാധകര്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുഹൈന്‍ എത്തിയിരിക്കുന്നു. ധോണിയേപ്പോലൊരു താരത്തെ നിര്‍ബന്ധിച്ച് വിരമിപ്പിക്കുന്നത് ശരിയല്ലെന്ന് നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു. ഒരിക്കല്‍ പോയിക്കഴിഞ്ഞാല്‍ ധോണിയെ പിന്നീട് എത്ര ആഗ്രഹിച്ചാലും ദേശീയ ടീമില്‍ വീണ്ടും കാണാനാകില്ലെന്നും അദ്ദേഹം വിമര്‍ശകര്‍ക്ക് മുന്നറിയിപ്പു നല്‍കി.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാനുള്ള മികവ് ഇപ്പോഴും ധോണിക്കുണ്ടോ? അതു മാത്രമാണ് പ്രധാനം. എല്ലാ താരങ്ങളുടെയും കാര്യത്തില്‍ ടീമിലെത്താനുള്ള മാനദണ്ഡവും അതുതന്നെയല്ലേ? എന്റെ കണക്കുകൂട്ടല്‍ ശരിയാണെങ്കില്‍ ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ധോണിക്കാകും. ശരിയാണ്, ചിലപ്പോള്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ റണ്‍ചേസിങ്ങില്‍ ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടുണ്ടാകാം. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം തന്നെ ഉദാഹരണം. എങ്കിലും ഇപ്പോഴും ധോണി പ്രതിഭയുള്ള താരം തന്നെയാണ്’ – നാസര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.

‘മാത്രമല്ല, ധോണി വിരമിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. ഒരിക്കല്‍ വിരമിച്ചു പോയിക്കഴിഞ്ഞാല്‍, എത്ര ആഗ്രഹിച്ചാലും അദ്ദേഹത്തെ തിരികെ കിട്ടില്ല. ഒരു തലമുറയില്‍ അപൂര്‍വമായി മാത്രം പിറക്കുന്ന ചില താരങ്ങളുണ്ട്. ധോണി അവരിലൊരാളാണ്. ദയവുചെയ്ത് അദ്ദേഹത്തെ അകാല വിരമിക്കലിലേക്ക് തള്ളിവിടരുത്. തന്റെ ഇപ്പോഴത്തെ അവസ്ഥ ധോണിക്കു മാത്രമേ അറിയൂ. ബാക്കി സിലക്ടര്‍മാര്‍ക്കും വീടൂ’ – നാസര്‍ ഹുസൈന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനുശേഷം ധോണി ഇതുവരെ രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഐപിഎല്ലിലൂടെ സജീവ ക്രിക്കറ്റിലേക്കു തിരിച്ചുവരവ് ലക്ഷ്യമിടുന്ന സമയത്താണ് കൊറോണ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചതും കളിക്കളങ്ങള്‍ നിശ്ചലമായതും. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ മാത്രമേ ധോണി വീണ്ടും ഇന്ത്യന്‍ ടീമില്‍ കളിക്കൂ എന്ന് സൂചിപ്പിച്ച് പരിശീലകന്‍ രവി ശാസ്ത്രിയും പ്രസ്താവന നടത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular