ശമ്പളം വെട്ടിക്കുറയ്ക്കുമെന്നു പറയാന്‍ ആയാള്‍ ആരാണ്?

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് പറഞ്ഞ ഇന്ത്യ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (ഐസിഎ) പ്രസിഡന്റ് അശോക് മല്‍ഹോത്രയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നു പറയാന്‍ ആരാണ് അശോക് മല്‍ഹോത്രയ്ക്ക് അധികാരം നല്‍കിയതെന്ന കാര്യം ആശ്ചര്യമുളവാക്കുന്നതാണെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. ഒരു മാധ്യമത്തിലെഴുതിയ കോളത്തിലാണ് മല്‍ഹോത്രയ്‌ക്കെതിരെ ഗാവസ്‌കര്‍ വിമര്‍ശനമുയര്‍ത്തിയത്.

കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് അത്ര നല്ല നടപടിയല്ലെന്ന് എനിക്കറിയാം. പക്ഷേ, സംഘടനയുടെ (ബിസിസിഐയുടെ) വരുമാനം കുറഞ്ഞാല്‍ സ്വാഭാവികമായും കളിക്കാരും പ്രതിഫലത്തില്‍ കുറവു വരുമെന്ന് പ്രതീക്ഷിക്കണം’ – ഇതായിരുന്നു അശോക് മല്‍ഹോത്രയുടെ പരാമര്‍ശം. എന്നാല്‍, രൂക്ഷമായ ഭാഷയിലാണ് ഗാവസ്‌കര്‍ ഇതിനോടു പ്രതികരിച്ചത്.

‘കളിച്ചില്ലെങ്കില്‍ പ്രതിഫലം ലഭിക്കാത്തത് സ്വാഭാവികമാണ്. എല്ലാ കായിക മേഖലയിലും അങ്ങനെ തന്നെയാണ്. പക്ഷേ, ഇന്ത്യയിലെ രാജ്യാന്തര താരങ്ങളുടെയും ആഭ്യന്തര താരങ്ങളുടെയും പ്രതിഫലത്തില്‍ കുറവുണ്ടാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞത് അദ്ഭുതത്തോടെയാണ് ഞാന്‍ കേട്ടത്. ബിസിസിഐയെ സുഖിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് ആര്‍ക്കും മനസ്സിലാകും. പക്ഷേ, ആരു നല്‍കിയ അധികാരത്തിലാണ് അദ്ദഹം ഇതേക്കുറിച്ച് ഇത്ര ആധികാരികമായി പ്രസ്താവന നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. ഇപ്പോഴത്തെ രാജ്യാന്തര താരങ്ങളോ ആഭ്യന്തര താരങ്ങളോ ഈ സംഘടനയില്‍ അംഗങ്ങളല്ല. അതുകൊണ്ടുതന്നെ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ അദ്ദേഹം ആളല്ല. നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്നില്ലെങ്കില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചൊക്കെ സംസാരിക്കാന്‍ നല്ല രസമാണ്’ – ഗാവസ്‌കര്‍ എഴുതി.

അതേസമയം, കൊറോണ വൈറസ് വ്യാപനം നിമിത്തം മത്സരങ്ങള്‍ റദ്ദാക്കിയത് ബിസിസിഐയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിയേക്കാമെങ്കിലും താരങ്ങളുടെ ശമ്പളം കുറയ്ക്കുന്ന കാര്യം ഇതുവരെ പരിഗണനയിലില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധൂമല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ വിഭാഗം ആളുകളുടെയും താല്‍പര്യം പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നും അദ്ദേഹം അറിയിച്ചിരുന്നു.

‘ഇല്ല. ശമ്പളം കുറയ്ക്കുന്ന കാര്യം ഞങ്ങള്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഈ തിരിച്ചടി മറികടക്കാന്‍ എന്തു നടപടി സ്വീകരിച്ചാലും എല്ലാവരുടെയും താല്‍പര്യം പരിഗണിച്ചു മാത്രേ അന്തിമ തീരുമാനം കൈക്കൊള്ളൂ. പക്ഷേ നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും മനസ്സിലില്ല. തീര്‍ച്ചയായും ഇതൊരു കനത്ത തിരിച്ചടിയാണ്. പക്ഷേ ആരെയും ബാധിക്കാത്ത വിധത്തില്‍ എല്ലാം കൈകാര്യം ചെയ്യാനാണ് ശ്രമം. എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചശേഷം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം’ – ധൂമല്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular