രക്ഷപെടുത്താന്‍ പരമാവധി ശ്രമിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല

ഒടുവില്‍ കേരളം ആശങ്കപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരണം സംഭവിച്ചിരിക്കുന്നു. മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് മന്ത്രി അറിയിച്ചു. തീവ്രമായ ആരോഗ്യപ്രശ്‌നങ്ങള്‍ സ്ഥിതി സങ്കീര്‍ണമാക്കി. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേര്‍ കൂടി ഉണ്ടെന്ന് മന്ത്രി അറിയിച്ചു.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ല. ഭാര്യയേയും മറ്റും മൃതദേഹം വിഡിയോയിലുടെ കാണിച്ചു കൊടുത്തു. മൃതദേഹം പാക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആരേയും കാണിക്കില്ല. പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം. നാലു പേര്‍ മാത്രമേ പങ്കെടുക്കാവൂ. കലക്ടര്‍ മേല്‍നോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

ലോക് ഡൗണ്‍ ലംഘിച്ച് ഇപ്പോഴും ചിലര്‍ ഇറങ്ങി നടക്കുന്നുണ്ട്. കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് ഹുസൈന്‍ സേട്ടാണ് അന്തരിച്ചത്. 69 വയസായിരുന്നു. ഐസലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്റര്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്നു രാവിലെ 8നാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കല്‍ കോളജ് നോഡല്‍ ഓഫിസര്‍ എ. ഫത്താഹുദ്ദീന്‍ പറഞ്ഞു.

ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ഭാര്യയും രോഗബാധിതരായി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാര്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാത്തതിനാല്‍ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല. നിലവില്‍ കോവിഡ് രോഗം ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത് 14 പേരാണ്. ഇതില്‍ 5 പേര്‍ ബ്രിട്ടീഷ് പൗരന്മാരും, ആറു പേര്‍ എറണാകുളം സ്വദേശികളും, 2 കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്.

Similar Articles

Comments

Advertismentspot_img

Most Popular