ഭാര്യയെ പുകഴ്ത്തിയ സുഹൃത്തിനെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു

അഹമ്മദാബാദ്: ഭാര്യയെ പുകഴ്ത്തിയ സുഹൃത്തിനെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു. രാജ്‌കോട്ട് സ്വദേശിയായ നിലേഷ് മാവിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് രാകേഷ് ദാമോറിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് നിലേഷിനെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയതെന്ന് രാകേഷ് പോലീസിനോട് പറഞ്ഞു. അന്നേദിവസം രാകേഷിന്റെ ഗ്രാമത്തിലെ ഫാം സന്ദര്‍ശിക്കാനായി നിലേഷ് എത്തിയിരുന്നു. സംഭാഷണത്തിനിടെ ഇയാള്‍ രാകേഷിന്റെ ഭാര്യയെ തുടര്‍ച്ചയായി പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. സുഹൃത്ത് തന്റെ ഭാര്യയെ തുടര്‍ച്ചയായി പുകഴ്ത്തി സംസാരിച്ചത് രാകേഷിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് നിലേഷിനെ വീട്ടില്‍ കൊണ്ടുവിടാനായി ഇരുവരും രാകേഷിന്റെ വാഹനത്തില്‍ പുറപ്പെട്ടു. ഇതിനിടെ ഒരു ഹോട്ടലിന് സമീപം വാഹനം നിര്‍ത്തിയ രാകേഷ് കൈവശമുണ്ടായിരുന്ന കയര്‍ ഉപയോഗിച്ച് നിലേഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം മൃതദേഹം ഹൈവേയിലെ ഓടയില്‍ തള്ളുകയും ചെയ്തു.

തിങ്കളാഴ്ച രാത്രി ഏറെ വൈകിയിട്ടും നിലേഷിനെ കാണാതിരുന്നതിനാല്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാകേഷ് ദാമോറിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം രാജ്‌കോട്ട്ജാംനഗര്‍ ഹൈവേയ്ക്ക് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു.

SHARE