സസ്‌പെന്‍ഷനില്‍ ആയാലും വെറുതേ ഇരുന്ന് ശമ്പളം വാങ്ങും; ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ…; ശ്രീറാമിനെ കുറിച്ച് പിണറായി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ വെറുതെ ശമ്പളം വാങ്ങണ്ട ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതില്‍ പ്രതികരണവുമായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

സസ്‌പെഷന്‍ഷനിലായാലും ശ്രീറാമിന് ശമ്പളം നല്‍കേണ്ടി വരും. അതേസമയം ബഷീര്‍ കേസില്‍ ശ്രീറാമിന് യാതൊരു സഹായവും സര്‍ക്കാര്‍ നല്‍കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമ മേധാവികളുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സസ്‌പെന്‍ഷിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ ദിവസമാണ് തിരിച്ചെടുത്തത്. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായാണ് ശ്രീറാമിനെ തിരിച്ചെടുത്തത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ എന്ന നിലയില്‍ ശ്രീറാമിനുള്ള അനുഭവസമ്പത്തും ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീറാമിനെ തിരിച്ചെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി മാധ്യമ മേധാവികളുമായി ചര്‍ച്ച നടത്തിയത്.

ശ്രീറാമിനെതിരായ സസ്‌പെന്‍ഷന്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യഷനായ സമിതി ശിപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ശ്രീറാമിനെതിരായ കേസില്‍ കുറ്റപത്രം നല്‍കിക്കഴിഞ്ഞു. കേസ് കേസിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

SHARE