എന്റെ പെണ്‍മക്കളെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി, പ്രതികളെ വിശന്നു വലയുന്ന സിംഹങ്ങളുടെ മുന്നിലേക്കു വലിച്ചെറിയണം, പ്രതികളെ പിടികൂടിയ ചരിത്രം പങ്ക് വച്ച് നീരജ് കുമാര്‍

ഡല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം നിര്‍ഭയ പെണ്‍ക്കുട്ടിയ്ക്ക് നീതി ലഭിക്കുമ്പോള്‍ പ്രതികളെ പിടികൂടിയ ചരിത്രം ഓര്‍മിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍. ഏറെ വിമര്‍ശനങ്ങള്‍ക്കിടയിലും ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലെ സാഹസികതയും ശാസ്ത്രീയതയുമാണു നിര്‍ഭയയ്ക്ക് നീതി ഉറപ്പാക്കിയത്. നദി നീന്തിയും മാവോയിസ്റ്റ് മേഖലയില്‍കടന്നും പ്രതികളെ പിടികൂടിയ ചരിത്രം മുന്‍ പൊലീസ് കമ്മിഷണര്‍ നീരജ് കുമാര്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

രാജ്യതലസ്ഥാനത്തിന് പീഡന തലസ്ഥാനം എന്ന ചീത്തപേര് സമ്പാദിച്ചു നല്‍കുന്നതില്‍ ഡല്‍ഹി പൊലീസിന്റെ പങ്ക് ചെറുതല്ല. ഓടിക്കൊണ്ടിരുന്ന ബസില്‍ നിര്‍ഭയ പീഡിപ്പിക്കപ്പെടുമ്പോള്‍ രണ്ടു പൊലീസ് പിസിആര്‍ വാനുകള്‍ മുന്നിലൂടെ കടന്നുപോയതും ചോരയില്‍ കുളിച്ച കിടന്ന നിര്‍ഭയയെയും സുഹൃത്തിനെയും ആശുപത്രിയിലെത്തിക്കേണ്ട സമയത്തു രണ്ടു പൊലീസ് സംഘങ്ങള്‍ അധികാരപരിധിയെച്ചൊല്ലി തര്‍ക്കിച്ചതും വിവാദമായിരുന്നു.

എന്നാല്‍ നാലുദിവസത്തിനകം ആറുപ്രതികളെയും സാഹസികമായി പിടികൂടാന്‍ കഴിഞ്ഞതും ശക്തമായ ശാസ്ത്രീയ തെളിവുകളുമാണു കേസില്‍ വഴിത്തിരിവായതെന്ന് അന്നത്തെ ഡല്‍ഹി പൊലീസ് മേധാവി നീരജ് കുമാര്‍ പറഞ്ഞു. രാംസിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ ഡല്‍ഹിയില്‍ നിന്ന് തന്നെ പിടികൂടിയപ്പോള്‍ അക്ഷയ് താക്കൂറിനെ അറസ്റ്റുചെയ്തതു ബിഹാറിലെ മാവോയിസ്റ്റ് ബാധിതമേഖലയില്‍ നിന്ന്. മുകേഷ് സിങ്ങിനെ പിടികൂടിയത് അതിസാഹസികമായി.

യമുന ട്രാന്‍സിലെ വലിയ ചേരിയിലെ നിവാസിയായ കൂട്ടത്തില്‍ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെ പിടികൂടിയ രീതി അന്വേഷണ മികവിന്റെ തെളിവാണ്. നിര്‍ഭയ കേസ് അന്വേഷിക്കുമ്പോള്‍ പ്രതികളെ വധിക്കാന്‍ സമൂഹത്തില്‍നിന്നു സമ്മര്‍ദമുണ്ടായിരുന്നുവെന്നും എന്നാല്‍ നിയമത്തിന്റെ വഴിയേ പോകുകയായിരുന്നുവെന്നും നീരജ് കുമാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. പ്രതികളെ കൊലപ്പെടുത്തണമെന്ന ചിന്ത ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വലിയ സമ്മര്‍ദമാണ് നേരിട്ടത്. പ്രതികളെ വിശന്നു വലയുന്ന സിംഹങ്ങളുടെ മുന്നിലേക്കു വലിച്ചെറിയണം എന്നാവശ്യപ്പെട്ടു സന്ദേശമയച്ചവരുണ്ട്. പരസ്യമായി തല്ലിക്കൊല്ലണമെന്നും വന്ധ്യംകരിക്കണമെന്നുമൊക്കെ ചിലര്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ നിയമ മാര്‍ഗത്തില്‍ ഉറച്ചുനിന്നു. എന്റെ പെണ്‍മക്കളെ മാനഭംഗപ്പെടുത്തുമെന്നും രാജിവച്ചു പോയില്ലെങ്കില്‍ ജീവിതം തകര്‍ക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ജനക്കൂട്ടത്തിനു വേണ്ടതു ഞങ്ങളുടെ ചോരയായിരുന്നു’– നീരജ് കുമാര്‍ പറഞ്ഞു. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതു രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിനാണു വഴി തുറന്നത്.

Similar Articles

Comments

Advertismentspot_img

Most Popular