കൊറോണ വൈറസിനെ വുഹാനിലെത്തിച്ചത് യുഎസ് സൈന്യം

ഹോങ്കോങ്: കൊറോണ വൈറസിനെ വുഹാനിലെത്തിച്ചത് യുഎസ് സൈന്യമെന്ന് ചൈന. കൊറോണ വൈറസ് ലോകത്താകെ വ്യാപിക്കുന്നതു തുടരുന്നതിനിടെ യുഎസും ചൈനയും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നത്. പക്ഷേ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണു തുടക്കത്തില്‍തന്നെ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പുകള്‍ സ്വീകരിക്കാതിരുന്നതെന്നും ചോദ്യങ്ങള്‍ ഉയരുകയാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊറോണ വ്യാപനത്തില്‍ ചൈനയ്‌ക്കെതിരെ പരസ്യനിലപാടു സ്വീകരിച്ചുകഴിഞ്ഞു. ചൈനീസ് വൈറസ് കാരണം ബാധിക്കപ്പെട്ട വ്യവസായങ്ങളെ യുഎസ് ഭരണകൂടം പിന്തുണയ്ക്കുന്നെന്നായിരുന്നു തിങ്കളാഴ്ച ട്രംപിന്റെ ട്വീറ്റ്.

നേരത്തേ യുഎസില്‍ സംസാരിക്കവെ ‘വിദേശ വൈറസ്’ എന്ന പേരിലാണ് കൊറോണ വൈറസിനെ ട്രംപ് വിശേഷിപ്പിച്ചത്. യുഎസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധികളും ചൈനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പേരില്‍ ചൈനയെ അധിക്ഷേപിക്കാനുള്ള യുഎസ് ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ചൈന കരുതുന്നത്. വൈറസ് ബാധയുടെ ഉത്തരവാദിത്തം മറയ്ക്കാനാണ് ഇത്തരം നീക്കമെന്നും ചൈന കുറ്റപ്പെടുത്തുന്നു.

തിങ്കളാഴ്ച ലോകത്താകെ വൈറസ് ബാധയേറ്റവരുടെ എണ്ണം ചൈനയില്‍ രോഗം ബാധിച്ചവരെക്കാള്‍ കൂടിയിരുന്നു. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന ആശങ്കയിലാണ് രാജ്യങ്ങള്‍. ചൈനയില്‍ പുതുതായി രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും വിദേശത്തുനിന്ന് എത്തിയവരാണെന്നതും ശ്രദ്ധേയമാണ്. വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെല്ലാം നിര്‍ബന്ധമായും ക്വാറന്റീന് വിധേയമാകണമെന്ന് ഹോങ്കോങ് ഭരണകൂടം ഉത്തരവിട്ടു.

കൊറോണ വൈറസിനെ ചെറുക്കാനുള്ള ചൈനയുടെ നീക്കങ്ങളെ ലോക ആരോഗ്യ സംഘടനയുള്‍പ്പെടെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ പല കോണുകളില്‍നിന്നും തുടര്‍ന്നതോടെ ‘ഗൂഢാലോചനാ സിദ്ധാന്തങ്ങളുമായി’ ചൈനയും രംഗത്തെത്തി. യുഎസില്‍ നേരത്തേയുണ്ടായ ചില ഇന്‍ഫ്‌ലുവന്‍സ മരണങ്ങള്‍ കോവിഡ് 19 മൂലമാണെന്ന് തെളിഞ്ഞതായി ചൈന വിദേശകാര്യ വക്താവ് ലിജിയാന്‍ സാവോ ആരോപിച്ചു. വൈറസിനെ വുഹാനിലെത്തിച്ചത് യുഎസ് സൈന്യമാണെന്നും സാവോ ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഇതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ചൈന തയാറായിട്ടില്ല. വൈറസിന്റെ ഉദ്ഭവത്തെച്ചൊല്ലി ചൈനയ്ക്കു മേലുള്ള ചീത്തപ്പേരു മാറ്റുകയെന്നതു മാത്രമായിരുന്നു ആരോപണത്തിന്റെ ലക്ഷ്യമെന്നാണു വിലയിരുത്തല്‍.

ചൈനയെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ ആരോപണങ്ങള്‍ യൂറോപ്പിലും യുഎസിലും പുതിയ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണു വിദഗ്ധാഭിപ്രായം. ഏഷ്യയില്‍ വേരുകളുള്ള അമേരിക്കക്കാര്‍ക്കും ചൈനീസ് വംശജരായ അമേരിക്കക്കാര്‍ക്കുമെതിരെ പൊതുവേദികളിലും സമൂഹത്തിലും വംശീയ അധിക്ഷേപങ്ങള്‍ ആരംഭിച്ചതായാണു രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. യൂറോപ്പിലും സമാന സംഭവങ്ങളുണ്ടായി. ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റ് കാരണം ഏഷ്യന്‍ അമേരിക്കക്കാര്‍ കൂടുതല്‍ വിവേചനം നേരിടുമെന്ന് തായ്‌വാനീസ് അമേരിക്കനായ കോണ്‍ഗ്രസ് പ്രതിനിധി ടെഡ് ലിയു ആരോപിച്ചു.

യുഎസുമായുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ യുഎസ് മാധ്യമങ്ങളുടെ പ്രതിനിധികളെ പുറത്താക്കുന്നതിനുള്ള നടപടികള്‍ ചൈന തുടങ്ങി. 2020ന് മുന്‍പ് കാലാവധി അവസാനിക്കുന്ന ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടന്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ പാസ് തിരികെ ഏല്‍പിക്കാനാണ് ചൈന നിര്‍ദേശിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള വീസയാണ് ചൈന അനുവദിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ നടപടി എത്ര യുഎസ് പൗരന്മാരെ ബാധിക്കുമെന്നു വ്യക്തമല്ല. നിയന്ത്രണം വന്നാല്‍ ചൈനയുടെ വിവിധ ഭാഗങ്ങള്‍ക്കു പുറമേ അവരുടെ നിയന്ത്രണത്തിലുള്ള മക്കാവു, ഹോങ്കോങ് എന്നിവിടങ്ങളിലും യുഎസ് മാധ്യമങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

Similar Articles

Comments

Advertismentspot_img

Most Popular