പനിയും ചുമയുമുള്ളവര്‍ മദ്യം വാങ്ങാന്‍ വരരുത്; മാസ്‌ക് ധരിക്കണം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബെവ്‌കോ

തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്ന് ബവ്‌റിജസ് കോര്‍പറേഷന്റെ നിര്‍ദേശം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മദ്യം വാങ്ങി കഴിഞ്ഞും അതിനു മുന്‍പും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ച് വരണം. പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവര്‍ മദ്യശാലയിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എല്ലാ ഷോപ്പുകളിലും നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 270 ഔട്ട്‌ലറ്റുകളാണ് ബവ്‌റിജസ് കോർപറേഷനുള്ളത്. ബവ്‌റിജസ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഔട്ട്‌ലറ്റുകള്‍ പൂട്ടിയാല്‍ സര്‍ക്കാരിന്റെ പ്രധാന വരുമാനം ഇല്ലാതാകും.

അതേ സമയം കോവിഡ് വ്യാപിച്ചതോടെ തിരുവനന്തപുരത്തെ ഔട്ട്‍ലെറ്റുകളില്‍ പതിവ് തിരക്കില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും തിരക്ക് കുറഞ്ഞെങ്കിലും കോവിഡൊന്നും പ്രശ്നമേ അല്ലെന്ന വീരവാദം മുഴക്കി വരുന്നവരുമുണ്ട്.

സാധാരണ ഗതിയില്‍ തിരക്ക് വരേണ്ട നേരത്തുപോലും ഒന്നും രണ്ടും പേര്‍ മാത്രമാണ് ബവ്റിജസ് ഔട്ട്‍ലെറ്റില്‍ വന്ന് മദ്യം വാങ്ങി മടങ്ങുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular