പ്രിയങ്ക ഗാന്ധി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്?

ഡല്‍ഹി: പ്രിയങ്ക ഗാന്ധി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദത്തിലേക്ക്. കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘടന വിഭാഗത്തിന്റെ പരാജയം സംബന്ധിച്ച വിമര്‍ശനങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം.

എന്നാല്‍, ഇതുസംബന്ധിച്ച നിര്‍ദേശത്തോട് പ്രിയങ്കാ ഗാന്ധി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ജ്യോതിരാധിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതടക്കം വിവിധ രാഷ്ട്രീയ തിരിച്ചടികള്‍ കോണ്‍ഗ്രസില്‍ ശക്തമാണ്. കെസി വേണുഗോപാലാണ് നിലവില്‍ സംഘടന ജനറല്‍ സെക്രട്ടറി. ഈ സാഹചര്യത്തില്‍ വേണുഗോപാലിന് രാജസ്ഥാനില്‍ നിന്ന് രാജ്യസഭ സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം. ഇതോടെ സംഘടന ജനറല്‍ സെക്രട്ടറി പദം അദ്ദേഹം ഒഴിയും.

എകെ ആന്റണി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, അഹമ്മദ് പട്ടേല്‍, ഗുലാം നബി അസാദ് മുതലായവര്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രിയങ്കാ ഗാന്ധി സംഘടന ചുമതലയില്‍ എത്തിയാല്‍ അത് വലിയ ഉണര്‍വ് പാര്‍ട്ടി ഘടകങ്ങള്‍ക്ക് ഉണ്ടാക്കുമെന്ന് ഈ നേതാക്കള്‍ സോണിയ ഗാന്ധിയെ അറിയിച്ചു. പ്രത്യേകിച്ച് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍. ഇക്കാര്യത്തില്‍ തനിക്കും ഇപ്പോള്‍ എതിര്‍പ്പില്ലെന്ന നിലപാട് സോണിയ ഗാന്ധിയും സ്വീകരിച്ചു. തുടര്‍ന്നാണ് വേണുഗോപാലിന് വജ്രവ്യപാരി രാജീവ് അറോറയ്ക്ക് നല്‍കാന്‍ രാജസ്ഥാനില്‍ നിന്നും കരുതി വച്ച സീറ്റ് നല്‍കാന്‍ തീരുമാനിച്ചത്.

പ്രിയങ്കയെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആയി നിയമിക്കുന്നതിനോട് രാഹുല്‍ ഗാന്ധിക്ക് അനുകൂല അഭിപ്രായമല്ല ഉള്ളത് എന്നാണ് സൂചന. ഇക്കാര്യത്തില്‍ പ്രിയങ്കയുടെ തീരുമാനത്തിന് ആണ് പ്രാധാന്യം നല്‍കുകയെന്ന് സോണിയ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആണ് പ്രിയങ്കാഗാന്ധി.

ദിവസങ്ങള്‍ക്കുള്ളില്‍ പ്രിയങ്ക സമ്മതം നല്‍കുന്ന മുറയ്ക്ക് എഐസിസി പുനസംഘടന ഉണ്ടകും. പ്രിയങ്ക ഗന്ധി സംഘടന ചുമതലയിലും സച്ചിന്‍ പൈലറ്റ് മറ്റൊരു സുപ്രധാന പദവിയിലും നിയമിക്കപ്പെടും. ഏതെങ്കിലും സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധി വിമുഖത അറിയിച്ചാല്‍ സച്ചിന്‍ പൈലറ്റോ, മിലന്‍ ദിയോറയോ, മുകള്‍ വാസ്‌നിക്കോ സംഘടന ചുമതലയില്‍ നിയോഗിക്കപ്പെടും. കേരളത്തില്‍ നിന്നുള്ള കെബി തോമസിനും എഐസിസി പുനസംഘടനയില്‍ ഇടം ലഭിക്കാനാണ് സാധ്യത.

Similar Articles

Comments

Advertismentspot_img

Most Popular