കേരളത്തില്‍ വീണ്ടും കൊറോണ : പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു, ഇവര്‍ സഞ്ചരിച്ച വിമാനത്തില്‍ ഉള്ളവര്‍ ഉടന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം. റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് 55 കാരനും ഭാര്യയും 22കാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയും ഇറ്റലിയില്‍ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

ഇറ്റലിയില്‍ നിന്ന് എത്തിയവര്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരായില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രിയിലേക്ക് വരാനും വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു. ഇറ്റലിയില്‍ നിന്ന് ഫെബ്രുവരി 29ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ (ക്യു.ആര്‍126) വെനീസ്‌ദോഹ വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവര്‍ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ തന്നെ ക്യൂ.ആര്‍ 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വന്നു. മാര്‍ച്ച് ഒന്നിന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് സ്വകാര്യ കാറിലാണ് വീട്ടിലേക്ക് പോയത്. ഈ വിമാനത്തിലുണ്ടായിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു.

നേരത്തെ മൂന്ന് പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍ നിന്നെത്തിയവരായിരുന്നു ഈ മൂന്ന് പേരും. രോഗമുക്തി നേടിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളനുസരിച്ച് കേരളത്തിലാകമാനം 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. 26 പേരായിരുന്നു പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍.

ഇന്ത്യയില്‍ ഇതുവരെ 34 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ചു കേസുകള്‍ കൂടി ആകുമ്പോള്‍ ഇത് 39 ആയി ഉയരും.

Similar Articles

Comments

Advertismentspot_img

Most Popular