ലോകകപ്പ് ജയത്തിനു പിന്നാലെ ഇന്ത്യൻ കളിക്കാർക്ക് നേരെ ആക്രോശവുമായി ബംഗ്ലാദേശ് താരങ്ങൾ

അണ്ടർ-19 ലോകകപ്പിൽ ബംഗ്ലാദേശാണ് ചാമ്പ്യന്മാരായത്. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ തകർത്താണ് ബംഗ്ലാദേശ് ചരിത്രത്തിലെ തന്നെ ആദ്യ ഐസിസി കിരീടം നേടിയത്. ഈ സന്തോഷങ്ങൾക്കിടയിലും ചില ബംഗ്ലാദേശ് കളിക്കാരുടെ പെരുമാറ്റം ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

വിജയ റൺ നേടിയതിനു ശേഷം ബംഗ്ലാദേശ് താരങ്ങൾ ആഘോഷപൂർവം ഫീൽഡിലേക്ക് ഓടിയിറങ്ങി. മതിമറന്ന് ആഘോഷിക്കുന്നതിനിടെ ചില താരങ്ങൾ ഇന്ത്യൻ കളിക്കാരുടെ നേർക്ക് ആക്രോശിക്കാനും കളിക്കാരെ ചീത്ത വിളിക്കാനും തുടങ്ങി. ഇതോടെ ഇന്ത്യൻ താരങ്ങളും പ്രതികരിച്ചു. ആക്രോശം അതിരു കടന്നപ്പോൾ ഇന്ത്യൻ താരങ്ങളിൽ ഒരാൾ ബംഗ്ലാ താരത്തെ പിടിച്ചു തള്ളി. ഇതോടെ കൂടുതൽ താരങ്ങൾ ഇരുപക്ഷത്തും അണിനിരന്നു. തുടർന്ന് അമ്പയർമാരും സപ്പോർട്ടിംഗ് സ്റ്റാഫുകളും ചേർന്ന് കുട്ടിത്താരങ്ങളെ പിടിച്ചുമാറ്റുകയായിരുന്നു. ഇന്ത്യൻ പരിശീലകൻ പരസ് മാംബ്രെ ടീമിനെയും കൂട്ടി ഡ്രസിംഗ് റൂമിലേക്ക് പോയി. സംഭവത്തില്‍ ഐസിസി ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സരത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ തെറ്റ് തങ്ങളുടെ ഭാഗത്താണെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ അക്ബര്‍ അലി സമ്മതിച്ചു. കയ്യാങ്കളിയുണ്ടായത് നിർഭാഗ്യമാണെന്ന് പറഞ്ഞ അക്ബർ മാന്യന്മാരുടെ കളിയിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നും സംഭവത്തിൽ താൻ മാപ്പ് ചോദിക്കുന്നു എന്നും അറിയിച്ചു. ആവേശം ഉണ്ടാവുമെങ്കിലും അത് അതിരു കടക്കുന്നത് തെറ്റു തന്നെയാണെന്നും അക്ബർ അലി പറഞ്ഞു. പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് ബംഗ്ലാദേശ് ആണെന്ന് ഇന്ത്യൻ നായകൻ പ്രിയം ഗാർഗും പറഞ്ഞു.

നേരത്തെയും ബംഗ്ലാദേശ് സീനിയർ കളിക്കാർ ഇന്ത്യൻ കളിക്കാർക്കെതിരെ തിരിഞ്ഞിട്ടുണ്ട്. 2016ലെ ടി-20 ലോകകപ്പിലെ സെമിഫൈനലിൽ പരാജയപ്പെട്ട് ഇന്ത്യ പുറത്തായപ്പോൾ ബംഗ്ലാ വിക്കറ്റ് കീപ്പർ മുഷ്ഫിക്കർ റഹിം ഇട്ട ട്വീറ്റ് വിവാദമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular