സര്‍ക്കാരിന്റെ പ്രതിഷേധം വായിക്കില്ല; ഗവര്‍ണര്‍ക്ക് വാശിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളം ഉറ്റു നോക്കുകയാണ്, ഇന്ന് കേരള നിയമസഭയില്‍ എന്തൊക്കെ നടക്കും..? നയപ്രഖ്യാപനപ്രസംഗം ഇന്ന് നിയമസഭയില്‍ വായിക്കാനിരിക്കേ, പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കുന്നു. നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല. അത് വായിക്കാന്‍ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് വീണ്ടും കത്തുനല്‍കി. സര്‍ക്കാരിന്റെ നിലപാടിനു വഴങ്ങില്ലെന്നു വ്യക്തമാക്കുന്നതാണ് പ്രസംഗത്തിന്റെ തലേന്നുള്ള ഗവര്‍ണറുടെ കത്ത്.

പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പ്. ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ വാദം

1) ഭരണഘടനയുടെ അനുച്ഛേദം 176 (1) അനുസരിച്ച് എല്ലാവര്‍ഷവും സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിവസം സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും സഭാംഗങ്ങളെ അറിയിക്കണമെന്നത് ഗവര്‍ണറുടെ ചുമതലയാണെന്ന് യൂണിയന്‍ ഓഫ് ഇന്ത്യയും ബസവയ്യ ചൗധരിയും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ വായിക്കേണ്ടത് നയപ്രഖ്യാപന രേഖയാണ്.

2) പൗരത്വനിയമ ഭേദഗതി സംസ്ഥാനവിഷയമായ കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നത്.

3) പൗരത്വനിയമത്തെപ്പറ്റി പരാമര്‍ശിക്കുന്നത് കോടതിയലക്ഷ്യമല്ല.

4) ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ അതേപടി അംഗീകരിക്കണം.

ഗവര്‍ണറുടെ വാദം

1) കോടതിവിധി ചൂണ്ടിക്കാട്ടിയതിനു നന്ദി. ഇതനുസരിച്ച് നയവും പരിപാടിയും സര്‍ക്കാരിന്റെ അഭിപ്രായവും തമ്മില്‍ മുഖ്യമന്ത്രിതന്നെ കൂട്ടിക്കുഴയ്ക്കുന്നുവെന്നു വ്യക്തം. നയവും പരിപാടിയും അവതരിപ്പിക്കണമെന്നല്ലാതെ തങ്ങളുടെ പരിധിയിലല്ലാത്ത കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാരിന്റെ കാഴ്ചപ്പാട് ഗവര്‍ണര്‍ അവതരിപ്പിക്കണമെന്ന് ഭരണഘടനയും സുപ്രംകോടതിയും പറഞ്ഞിട്ടില്ല.

2) പൊതുസുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്നമാണെങ്കില്‍ കാര്യനിര്‍വഹണ ചട്ടത്തിന്റെ 34 (2) അനുസരിച്ച് പ്രത്യേകമായി ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.

3) നിയമസഭാ നടപടിക്രമങ്ങളുടെ 119-ാം ചട്ടപ്രകാരം കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭ ചര്‍ച്ചചെയ്യാന്‍ പാടില്ല.

4) മന്ത്രിസഭയുടെ പരിധിക്കുപുറത്ത് ഭരണഘടനാപരമായ വിഷയമാണെങ്കില്‍ ഗവര്‍ണര്‍ക്ക് സ്വയംവിവേചനപരമായ തീരുമാനമെടുക്കാം. 163 (2) അനുച്ഛേദവും നബാം റേബിയ, ബമാങ് ഫെലിക്സ് എന്നിവരും അരുണാചല്‍ പ്രദേശ് ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും അതാണ് പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular