കേരളം പുരോഗമിക്കുന്നു; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരേവേദിയിലെത്തിയതും ആദ്യമായിട്ടായിരുന്നു.

പതാക ഉയര്‍ത്തലിന് ശേഷം ഗവര്‍ണര്‍ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്നതല്ല നമ്മുടെ പാരമ്പര്യമെന്ന് ഗവര്‍ണര്‍ അഭിസംബോധന പ്രസംഗത്തില്‍ പറഞ്ഞു. പൗരത്വ നിയമത്തെ അനുകൂലിച്ച് പരോക്ഷമായ പരാമര്‍ശവുമുണ്ടായി. പീഡനം അനുഭവിക്കുന്നവരുടെയും അഭയാര്‍ഥികളുടെയും അഭയകേന്ദ്രമാണ് ഇന്ത്യയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യ വന്‍ശക്തിയായി മാറും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഈ മുന്നേറ്റങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്ത് െ്രെപമറിതലം മുതല്‍ നല്‍കുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസത്തെക്കുറിച്ചും പൊതുജനാരോഗ്യ രംഗത്തെക്കുറിച്ചും ഗവര്‍ണര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മിഷനെയും വൈദ്യുത വാഹനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ പുരോഗതിക്കായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ലോക കേരള സഭ പ്രവാസികള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനത്തെയും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും പൊതുജനാരോഗ്യ സേവനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. മലയാളത്തില്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നാണ് ഗവര്‍ണര്‍ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7