സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ; മറ്റ് മൂന്ന് മലയാളികള്‍ നിരീക്ഷണത്തില്‍

റിയാദ്: സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്‌സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്. ഈ നാലു പേരെയും മറ്റൊരു ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് നഴ്‌സിനെ പരിചരിച്ച നഴ്‌സുമാരാണു രോഗ ബാധിതരായത്.

മലയാളി നഴ്സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപിട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാര്‍ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്താത്ത സ്ഥിതിയാണ് ഇവിടെ. അല്‍ ഹയത് നാഷണല്‍ ആശുപത്രിയില്‍ ഇതിനുള്ള ചികിത്സ ലഭ്യമല്ലെന്നിരിക്കെ, സര്‍ക്കാര്‍ ആശുപത്രിയിലേക്ക് രോഗിയെ മാറ്റാനും ആശുപത്രി അധികൃതര്‍ തയാറാകുന്നില്ല. രോഗം വിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതര്‍. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സുമാര്‍ പറഞ്ഞു.

pathram:
Leave a Comment