ജംബോയ്ക്ക് പണികിട്ടി; പട്ടികയില്‍ സോണിയ ഒപ്പിട്ടില്ല; കാര്യങ്ങള്‍ മുല്ലപ്പള്ളിയുടെ വഴിക്കോ..?

ന്യൂഡല്‍ഹി: കെ.പി.സി.സി.ജംബോ പട്ടികയ്ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയിലെ ഭാരവാഹി ബാഹുല്യവും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയതിലുമാണ് ഹൈക്കമാന്‍ഡിന് അതൃപ്തി. പട്ടികയില്‍ പ്രവര്‍ത്തന മികവെന്ന മാനദണ്ഡം പാലിച്ചില്ലെന്നും പരാതി ഉയര്‍ന്നു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 155 പേരുടെ ഭാരവാഹിപ്പട്ടിക കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ അനുമതിക്കായി ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ സമര്‍പ്പിച്ചിരുന്നു. രാത്രിയോടെ പട്ടിക സോണിയാ ഗാന്ധിക്ക് മുന്നിലുമെത്തി. എന്നാല്‍ ജംബോ പട്ടിക കണ്ടപാടെ സോണിയാന്ധി ഒപ്പിടാന്‍ വിസമ്മതിച്ചതായാണ് വിവരം.

പ്രവര്‍ത്തന മികവിന് പ്രധാന്യം നല്‍കാതെയുള്ള ജംബോ പട്ടികയ്ക്കെതിരേ ഹൈക്കമാന്‍ഡിന് ഇന്നലെ തന്നെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കേരളത്തിലെ രണ്ടാംനിര നേതാക്കളെല്ലാം ഇത്തരത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭാരാവാഹി പട്ടിക ചുരുക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമങ്ങള്‍ ഗ്രൂപ്പ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വിജയിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഹൈക്കമാന്‍ഡിന്റെ നടപടി മുല്ലപ്പള്ളിയുടെ നിലപാടിന് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കിയിരിക്കുകയാണ്. വിദഗ്ദ്ധ ചികിത്സക്കായി സോണിയാ ഗാന്ധി ഇന്ന് വിദേശത്തേക്ക് പോകും. മുകുള്‍ വാസ്നിക്കും വിദേശ സന്ദര്‍ശനത്തിന് പോകുന്നുണ്ട്. ഇതോടെ പുനഃസംഘടന വീണ്ടും നീളാനാണ് സാധ്യത.

വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറാക്കുകയും 13 വൈസ് പ്രസിഡന്റുമാര്‍, 42 ജനറല്‍ സെക്രട്ടറിമാര്‍, 94 സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതായിരുന്നു കെപിസിസിയുടെ ജംബോ പട്ടിക.

Similar Articles

Comments

Advertismentspot_img

Most Popular