നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ടു മലയാളികള്‍ മരിച്ച നിലയില്‍

നേപ്പാള്‍: നേപ്പാളിലെ ദമാനില്‍ എട്ടു മലയാളികള്‍ മരിച്ച നിലയില്‍. ഒരു ടൂറിസ്റ്റ് ഹോമിലെ അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 19 പേരടങ്ങിയ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ രണ്ടു ദമ്പതികളും കുട്ടികളുമാണ് മരിച്ചത്.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത് കുമാര്‍ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചതെന്നാണ് വിവരം.

ഇവര്‍ ശ്വാസംമുട്ടി മരിച്ചെന്നാണ് നിഗമനം. കടുത്ത തണുപ്പിനെ തുടര്‍ന്ന് മുറികള്‍ അടച്ച് ഇവര്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചതായി അറിയുന്നു. നേപ്പാളിലെ മക്വന്‍പുര്‍ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് മലയാളി സംഘം ഈ റിസോര്‍ട്ടില്‍ എത്തി മുറിയെടുത്തത്. കടുത്ത തണുപ്പു കാരണം മൂന്നു മുറികളില്‍ ഹീറ്റര്‍ ഓണ്‍ ചെയ്താണ് ഇവര്‍ വിശ്രമിച്ചത്. രാവിലെയായിട്ടും മുറി തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഡുപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നപ്പോഴാണ് യാത്രികരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചെങ്കിലും എട്ടു പേരുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് വാര്‍ത്താ എജന്‍സികള്‍ സ്ഥിരീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular