ഈ വീഡിയോ കണ്ടു നോക്കൂ… ; ഫ്‌ലാറ്റു പൊളിക്കല്‍ ദൗത്യം പൂര്‍ണം; രണ്ട് ദിവസംകൊണ്ട് നാല് ഫ്‌ലാറ്റുകള്‍ തകര്‍ത്തു

കൊച്ചി: സുപ്രീം കോടതിയുടെ അന്തിമ വിധി പ്രകാരം മരടില്‍ രണ്ടു ദിവസമായി നടന്ന ഫ്‌ലാറ്റു പൊളിക്കല്‍ ദൗത്യം പൂര്‍ണം. മരട് നഗരസഭയില്‍ തീരദേശമേഖലാ ചട്ടം ലംഘിച്ചു നിര്‍മിച്ച നാലു ഫ്‌ലാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2.30ഓടെ നിലംപൊത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണു രണ്ടു ദിവസം കൊണ്ട് ഇത്ര വലിയ കെട്ടിടങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്. ആല്‍ഫാ സെറീന്‍, ഹോളി ഫെയ്ത്ത് എച്ച്2ഒ ഫ്‌ലാറ്റുകള്‍ ഇന്നലെയും ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകള്‍ ഇന്നുമാണ് തകര്‍ത്തത്.

ഫ്‌ലാറ്റ് പൊളിക്കുന്നതിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുത്തതിനാല്‍ നിശ്ചയിച്ച സമയത്തില്‍ നിന്നും അരമണിക്കൂര്‍ വൈകിയാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്. 1.56ന് ആദ്യ സൈറണും 2.21നു രണ്ടാമത്തേതും മുഴങ്ങി. 26 മിനിറ്റ് വൈകിയാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. മൂന്നാം സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ഗോള്‍ഡന്‍ കായലോരം സ്പ്ലിറ്റ് ബ്ലാസ്റ്റിങ് വഴി തകര്‍ത്തു. ആറു സെക്കന്‍ഡിലാണ് ഗോള്‍ഡന്‍ കായലോരം മണ്ണടിഞ്ഞത്. ഫ്‌ലാറ്റിനു സമീപത്തെ അങ്കണവാടി കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും ചുറ്റുമതില്‍ ഭാഗികമായി തകര്‍ന്നു. അവശിഷ്ടങ്ങള്‍ കായലില്‍ വീണിട്ടില്ലെന്നാണു വിവരം. ചമ്പക്കര കനാല്‍ തീര റോഡിനോടു ചേര്‍ന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്തിരുന്ന ഫ്‌ലാറ്റാണ് കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം. 20 കൊല്ലം മുന്‍പ് മരട് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ആദ്യം പണിത ഫ്‌ലാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങള്‍ക്കും അനുമതി.

മരടിലെ ജെയിന്‍ കോറല്‍ കോവ് ഫ്‌ലാറ്റ് രാവിലെ നടന്ന സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. 17 നിലകളുള്ള കെട്ടിടം തകരാനെടുത്തത് 5.6 സെക്കന്‍ഡാണെന്ന് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ ആര്‍.വേണുഗോപാല്‍ പറഞ്ഞു. ഇതുവരെ തകര്‍ത്തതില്‍ ഏറ്റവും വലിയ ഫ്‌ലാറ്റാണ് 128 അപ്പാര്‍ട്ട്‌മെന്റുകളുള്ള ജെയിന്‍ കോറല്‍ കോവ്. ഇതിന്റെ അവശിഷ്ടങ്ങളും കായലില്‍ വീണില്ല. കെട്ടിടം നിന്നിരുന്ന സ്ഥലത്ത് കൂമ്പാരമായി കുമിഞ്ഞുകൂടി. മുന്‍ നിശ്ചയിച്ച പ്രകാരം 10.30ന് ആദ്യ സൈറണും പിന്നാലെ 10.55ന് രണ്ടാമത്തെ സൈറണും മുഴങ്ങി. 11ന് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ 11.01ന് കെട്ടിടം തകര്‍ന്നു തുടങ്ങി. 5.6 സെക്കന്‍ഡില്‍ ജെയിന്‍ നിലംപതിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular