നാലു മണിക്കൂര്‍ നാലു മിനിറ്റ് നീണ്ടു നിൽക്കും; 2020-ലെ ആദ്യ പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം പത്തിന്

ന്യൂഡല്‍ഹി: 2020-ലെ ആദ്യ പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം ജനുവരി പത്തിന് നടക്കും. നാലു മണിക്കൂര്‍ നാലു മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചന്ദ്ര ഗ്രഹണം രാത്രി 10.37 ന് ആരംഭിച്ച് 11-ന് രാവിലെ 2.42 അവസാനിക്കും. ഈ വര്‍ഷത്തില്‍ നടക്കുന്ന നാല് ചന്ദ്രഗ്രഹണത്തില്‍ ആദ്യത്തേതാണ് ഇത്. ജൂണ്‍ 5, ജുലൈ 5, നവംബര്‍ 30 എന്നീ ദിവസങ്ങളിലാണ് ബാക്കിയുള്ള ചന്ദ്ര ഗ്രഹണങ്ങള്‍ ദൃശ്യമാവുക. ഗ്രഹണ സമയത്ത് ചന്ദ്രനെ ചാര നിറത്തിലാണ് കാണാന്‍ കഴിയുക.

ഇന്ത്യയില്‍ എവിടെ നിന്നും ചന്ദ്ര ഗ്രഹണം നേരിട്ട് കാണാന്‍ സാധിക്കും യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. അതേസമയം അമേരിക്ക, കാനഡ, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമാവില്ല.

പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം..?

ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ കടന്ന് പോകുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലില്‍ വരുന്നതാണ് പൂര്‍ണ ചന്ദ്രഗ്രഹണം. എന്നാല്‍ ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോഴാണ് പെനുമ്പ്രല്‍ ചന്ദ്രഗ്രഹണം നടക്കുന്നത്. പെനുമ്പ്രല്‍ ചന്ദ്രഗ്രഹണത്തെ അല്‍പ ഛായ ചന്ദ്രഗ്രഹണം,ഭാഗിക ചന്ദ്ര ഗ്രഹണം, വൂള്‍ഫ് മൂണ്‍ എക്ലിപ്‌സ് എന്നീ പേരിലും അറിയപ്പെടുന്നുണ്ട്.

നഗ്ന നേത്രങ്ങള്‍ കൊണ്ട് ചന്ദ്ര ഗ്രഹണം കാണാന്‍ സാധിക്കില്ലെങ്കിലും നിരീക്ഷിക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമില്ലെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.

SHARE