പ്രതിഷേധം ഇതുവരെ കണ്ടതു പോലെയാവില്ല; രാഹുല്‍ജി ഇറങ്ങുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധങ്ങളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ എട്ട് മണി വരെ രാജ്ഘട്ടില്‍ വന്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ധര്‍ണയില്‍ പങ്കെടുക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ആളിക്കത്തുമ്പോള്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ എവിടെയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനത്തിലായിരുന്ന രാഹുല്‍ ഗാന്ധി സന്ദര്‍ശനം നിര്‍ത്തിവച്ച് മടങ്ങിവരേണ്ടതായിരുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതിനിടെ രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിക്കപ്പെട്ടതായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. കൊറിയന്‍ എന്‍.ജി.ഒ കൊറിയന്‍ ഫൗണ്ടേഷന്റെ ക്ഷണപ്രകാരമാണ് രാഹുല്‍ ഗാന്ധിയും സംഘവും ദക്ഷിണ കൊറിയയില്‍ എത്തിയതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

തെരുവില്‍ പ്രതിഷേധം അരങ്ങേറുമ്പോള്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വം വിട്ടു നില്‍ക്കുന്നതിനെ ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular