അത്യാഹിത വിഭാഗത്തില്‍ ഇസിപിആര്‍ ചികിത്സയിലൂടെ യുവാവിന് പുതുജീവനേകി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ഹൃദയമിടിപ്പ് നിലച്ച് അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ച ചിറ്റൂര്‍ സ്വദേശി ജോസ് ബിജുവിന് (33 വയസ്) പുതുജീവന്‍ നല്‍കി ആസ്റ്റര്‍ മെഡ്‌സിറ്റി. എക്‌സ്ട്രാകോര്‍പ്പോറിയല്‍ കാര്‍ഡിയോപള്‍മണറി റിസസ്സിറ്റേഷന്‍ (ഇസിപിആര്‍) എന്ന അത്യാധുനിക ചികിത്സാരീതിയിലൂടെയാണ് ഡോക്ടര്‍മാര്‍ ഇത് സാധിച്ചത്. എക്‌മോ (എക്‌സ്ട്രാ കോര്‍പ്പോറിയല്‍ മെമ്പ്രേന്‍ ഓക്‌സിജനേഷന്‍) തെറാപ്പിയിലൂടെ രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്ന ചികിത്സാരീതിയാണ് ഇസിപിആര്‍. ശരീരത്തിന് പുറത്ത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം നടത്തുന്ന യന്ത്രമാണ് എക്‌മോ. വിദേശ രാജ്യങ്ങളില്‍ പോലും അത്യാഹിത വിഭാഗത്തില്‍ വിരളമായാണ് ഇത് ഉപയോഗിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഈ മാസം 1-ാം തീയതിയാണ് ജോസിനെ അതീവ ഗുരുതരാവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്നത്. കാര്‍ഡിയാക് മസ്സാജ് നല്‍കിയതിനെ തുടര്‍ന്ന് ഹൃദയത്തിലേക്കുള്ള രക്തചംക്രമണം താല്‍കാലികമായി സാധാരണ നിലയിലായെങ്കിലും വീണ്ടും ഹൃദയസ്തംഭനം ഉണ്ടായി. തുടരെ തുടരെ ഹൃദയസ്തംഭനമുണ്ടാകുന്നത് രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എമര്‍ജന്‍സി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് കാര്‍ഡിയോളജി വിഭാഗത്തിലെ അനസ്‌തേഷ്യ ആന്‍ഡ് ക്രിറ്റിക്കല്‍ കെയര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുരേഷ് നായരുമായി എക്‌മോയുടെ സാധ്യതകള്‍ ആരാഞ്ഞു. തുടര്‍ന്ന് രോഗിയുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ ഡോ. സുരേഷ് നായര്‍, ഡോ. ജോബിന്‍ എബ്രഹാം, ഡോ. ജോയെല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വെറും അര മണിക്കൂറിനുള്ളില്‍ എക്‌മോ ഘടിപ്പിച്ച് രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സുഗമമാക്കി.

ഉടന്‍ കാത്ത് ലാബില്‍ എത്തിച്ച രോഗിയുടെ ഹൃദയത്തിലേക്കുള്ള രക്ത വിതരണം കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. രാജശേഖര വര്‍മ, സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മനോജ് നായര്‍, കണ്‍സള്‍ട്ടന്റ് ഡോ. ജോര്‍ജ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുനസ്ഥാപിച്ചു. അടുത്ത ദിവസം ഉണര്‍ന്ന ജോസ് ചെറിയ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ സാധാരണ നിലയിലെത്തി. മൂന്നാം ദിവസം രോഗിയില്‍ ഘടിപ്പിച്ചിരുന്ന എക്‌മോ യന്ത്രം മാറ്റി. തുടര്‍ന്ന് അഞ്ചാം ദിവസം വെന്റിലേറ്ററില്‍ നിന്നും മാറ്റിയ ജോസ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ണ സുഖം പ്രാപിച്ചു.

സാധാരണയായി ഹൃദയ ശസ്ത്രക്രിയ നടത്തിയവരിലും ഗുരുതര ശ്വാസകോശ അണുബാധയുള്ള രോഗികളിലും എക്‌മോ ഉപയോഗിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ആശുപത്രിക്ക് പുറത്ത് വെച്ച് ഹൃദയസ്തംഭനമുണ്ടായ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി അത്യാഹിത വിഭാഗത്തില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പറഞ്ഞു. രാജ്യത്തെ പ്രധാന ആശുപത്രികളില്‍ ഇതുവരെ ഇത്തരത്തില്‍ ചികിത്സാരീതി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 1-ന് രാവിലെ പതിവു പോലെ ജോലിക്ക് ഇറങ്ങിയതായിരുന്നു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ ജോസ് ബിജു. രാവിലെ മുതല്‍ തന്നെ ജോസിന് ചെറിയതോതില്‍ നെഞ്ചെരിച്ചില്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെ ജോലി തുടരുകയായിരുന്നു. വേദന മൂര്‍ച്ഛിക്കുന്നതായി അനുഭവപ്പെട്ടപ്പോള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്യുന്ന ഭാര്യയെ വിളിച്ചു പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്താന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും വഴിമധ്യേ വേദന മൂര്‍ച്ഛിച്ച് നടുറോഡില്‍ വാഹനത്തില്‍ അബോധാവസ്ഥയിലാകുകയുമായിരുന്നു ജോസ്. അതിന് ശേഷം നടന്നതെന്തെന്ന് ജോസ് ഓര്‍ക്കുന്നില്ല.

സംഭവം ശ്രദ്ധയില്‍പ്പെട്ട ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി വിഭാഗത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ ജിത്തു ജോസ് ഒട്ടും സമയം കളയാതെ അടുത്തുണ്ടായിരുന്ന മറ്റൊരളുടെ സഹായത്തോടെ ജോസിനെ കാറിന്റെ പിന്‍സീറ്റില്‍ കിടത്തി നെഞ്ചില്‍ ശക്തമായി അമര്‍ത്തി ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബിഎല്‍എസ്) നല്‍കി. തുടര്‍ന്ന് കൂടെയുള്ള ആള്‍ക്ക് ബൈസ്റ്റാന്‍ഡര്‍ കാര്‍ഡിയാക് മസ്സാജ് ചെയ്യുന്ന വിധം പറഞ്ഞ് കൊടുത്ത് ജിത്തു ആ കാറില്‍ തന്നെ രോഗിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചു. ആശുപത്രി എത്തുന്നത് വരെ കാര്‍ഡിയാക് മസ്സാജ് നിര്‍ത്താതെ തുടരാനും കൂടെയുള്ള ആള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആംബുലന്‍സ് ഡ്രൈവറായ ജിത്തു ജോസഫിന്റെ സമയോചിത ഇടപെടല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ പ്രധാന കാരണമായെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദ്ഗധ ഡോക്ടര്‍മാരുടെ കൂട്ടായ പ്രവര്‍ത്തനവുമാണ് ജോസിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ എ. കവലക്കാട്ട് വ്യക്തമാക്കി. സാധ്യമാണെങ്കില്‍ എല്ലാവരും ബിഎല്‍എസ് പരിശീലിക്കുന്നത് ഇത്തരം ഘട്ടങ്ങളില്‍ വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ജോസിന്റെ കാര്യത്തില്‍ ജിത്തു കാണിച്ച മന:സാന്നിധ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular