ഗാന്ധിജിയുടേത് അപകടമരണമെന്ന് സ്‌കൂള്‍ ബുക്ക്‌ലെറ്റ്

മഹാത്മഗാന്ധിയുടെത് അപകടമരണമാണെന്ന പരാമര്‍ശിക്കുന്ന ഒഡിഷയിലെ സ്‌കൂള്‍ ബുക്ക്ലെറ്റ് വിവാദത്തില്‍. വിവാദ ബുക്ക്ലെറ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്ടുകളും രംഗത്തെത്തിക്കഴിഞ്ഞു.

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ രണ്ട് പേജുള്ള ബുക്ക്ലെറ്റിലാണ് വിവാദ പരാമര്‍ശമുള്ളത്. ഗാന്ധിജിയുടെ ആശയങ്ങള്‍, പുസ്തകങ്ങള്‍, ഒഡിഷയുമായുള്ള ബന്ധം എന്നിവ വിവരിക്കുന്ന പുസ്തകത്തില്‍ 1948 ജനുവരി 30 ന് പെട്ടെന്നുണ്ടായ അപകടത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടതായും പറയുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലാണ് ബുക്ക്ലെറ്റ് വിതരണം ചെയ്തത്.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ മാപ്പില്ലാത്ത പ്രവര്‍ത്തിയെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് നരസിംഗ മിശ്ര സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ബിജു ജനതാദള്‍ സര്‍ക്കാര്‍ ഗാന്ധി ഘാതകര്‍ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. ഗാന്ധിജിയെ വധിച്ചത് ആരാണെന്നും അതിന് പിന്നിലുള്ള കാരണങ്ങളും അറിയാനുള്ള അവകാശം കുട്ടികള്‍ക്കുണ്ടെന്നും മിശ്ര പറഞ്ഞു.

വിദ്യാര്‍ഥികളെ തെറ്റായ ചരിത്രം പഠിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജനാര്‍ധന്‍ പാട്ടി ആരോപിച്ചു. അസത്യത്തെ തന്ത്രപൂര്‍വം അവതരിപ്പിച്ചിരിക്കുകയാണ്. ഈ വിവരക്കേടിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദത്തെ തുടര്‍ന്ന് ബുക്ക്ലെറ്റ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. വിഷയം സര്‍ക്കാര്‍ ഗൗരവത്തിലാണ് എടുത്തിരിക്കുന്നതെന്നും കാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സമീര്‍ രഞ്ജന്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular