കോടിയേരിക്കെതിരേ മൊഴി നല്‍കിയിട്ടില്ലെന്നു കാപ്പന്‍

കോട്ടയം: ഷിബു ബേബി ജോണ്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച് നിയുക്ത പാലാ എം.എല്‍.എ. മാണി സി.കാപ്പന്‍. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും ഷിബു ബേബിജോണ്‍ ഉന്നയിച്ചതുപോലെ സി.ബി.ഐ. ഇത്തരമൊരു കേസ് ഫയല്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്നും മാണി സി.കാപ്പന്‍ പ്രതികരിച്ചു.

ദിനേശ് മേനോന് പണം നല്‍കാനുള്ളതുമായി ബന്ധപ്പെട്ട് ഒരു സി.ബി.ഐ. ഉദ്യോഗസ്ഥന്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ബി.ഐ.ക്ക് പരാതി നല്‍കുകയും ചെയ്തു. അതനുസരിച്ച് സി.ബി.ഐ. തന്റെ ഫോണ്‍കോളുകള്‍ പരിശോധിക്കുകയും ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

ഇപ്പോള്‍ ഷിബു ബേബിജോണ്‍ ആരോപണമുന്നയിച്ചത് കോടിയേരിയെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണെന്നും മാണി സി.കാപ്പന്‍ ആരോപിച്ചു. കോടിയേരി ബാലകൃഷ്ണനെ മാത്രമല്ല, രമേശ് ചെന്നിത്തല,ഉമ്മന്‍ചാണ്ടി തുടങ്ങിയവരെയെല്ലാം ദിനേശ് മേനോന് പരിചയപ്പെടുത്തിയിരുന്നു. ഇക്കാര്യമൊന്നും ആരും പറയുന്നില്ലല്ലോ എന്നും കാപ്പന്‍ ചോദിച്ചു.

നിലവില്‍ ഇതെല്ലാം വീണ്ടും പൊക്കിക്കൊണ്ടുവരുന്നതില്‍ ദുരുദ്ദേശ്യമുണ്ട്. ഇതുസംബന്ധിച്ച് സി.ബി.ഐ. ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നതിനോടൊപ്പം മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും കാപ്പന്‍ പറഞ്ഞു.

SHARE