ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷം

തിരുവനന്തപുരം: ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. വിശ്വാസികള്‍ ഈദുഗാഹുകളില്‍ പ്രത്യേകപ്രാര്‍ഥനകളുമായി ഒത്തുചേര്‍ന്നു. സംസ്ഥാനത്തുടനീളമുള്ള വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു.

തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിന് പാളയം ഇമാം വി പി സുഹൈബ് മൗലവി ഈദ് ഗാഹിന് നേതൃത്വം നല്‍കി. ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനയും നടന്നു.

ഈ പെരുന്നാള്‍ ആഘോഷത്തിന്റേതല്ല, മറിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ളതാണെന്ന് അദ്ദേഹം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. പെരുന്നാളിനു വേണ്ടി കരുതിവെച്ച പണം പ്രളയബാധിതര്‍ക്കു വേണ്ടി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴയെ തുടര്‍ന്ന് മുമ്പ് നിശ്ചയിച്ചതിലും നേരത്തെയാണ് ഈദ് ഗാഹ് നടന്നത്. പുത്തരിക്കണ്ടം മൈതാനി, മണക്കാട് തുടങ്ങിയിടങ്ങളില്‍ നടന്ന ഈദ് ഗാഹിലും നിരവധിപേര്‍ പങ്കെടുത്തു.

അതേസമയം പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട്ട് ഈദ് ഗാഹുകള്‍ നടന്നില്ല. പകരം മഴയും വെള്ളക്കെട്ടും ഇല്ലാത്ത മേഖലകളില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു. പ്രളയബാധിതരെയും ദുരിതബാധിതരെയും സഹായിക്കണമെന്ന സന്ദേശമാണ് നമസ്‌കാരത്തിന് നേതൃത്വം കൊടുത്ത പുരോഹിതര്‍ നല്‍കിയത്.

SHARE