കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഒമ്പത് ജില്ലക ളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോഡ് വരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട. ആലപ്പുഴ. കോട്ടയം എന്നിവടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്. സംസ്ഥാനത്ത് 24 ഇടത്ത് ഉരുള്‍പൊട്ടലുണ്ടായതായി മുഖ്യമന്ത്രി.
315 ദുരിതാശ്വാസ ക്യാമ്പുകള്‍, 22,165 പേര്‍ ക്യാമ്പില്‍
സംസ്ഥാനത്ത് ആകെ ഇതുവരെ 315 ക്യാമ്പുകള്‍ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22,165 പേര്‍ ക്യാമ്പില്‍ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പിലുള്ളത് വയനാട്ടിലാണ്. ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ശുദ്ധമായ വെള്ളം, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി.
മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കേണ്ടി വരും
അതിതീവ്ര മഴ തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. അപായ സാധ്യതയുള്ള മേഖലകളില്‍ മാറാന്‍ ശങ്കിക്കരുത്. പരിഭ്രാന്തരായി കൂട്ടത്തോടെ മാറരുത്. ജാഗ്രതയെന്നാല്‍ പരിഭ്രാന്തരാകണമെന്നല്ലെന്നും മുഖ്യമന്ത്രി.
നെടുമ്പാശേരി വിമാനത്താവളത്തിന്റെ മതില്‍ ഇടിഞ്ഞു
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആവണംകോഡ് ഭാഗത്തെ മതില്‍ ഇടിഞ്ഞു. സമീപത്തെ മൂന്നുനില കെട്ടിടം ഇടിഞ്ഞു മതിലില്‍ വീണു. കെട്ടിടത്തില്‍ ആരുമുണ്ടായിരുന്നില്ല. വലിയ അപകടം ഒഴിവായി.