ഏത് ഉന്നതനായാലും നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍: ഏത് ഉന്നതനായാലും നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും സ്ഥാനമോ പദവിയോ പോലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയന്‍ രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണ്. ഏത് ഉന്നതനായാലും നിയമത്തിന്റെ കണ്ണില്‍ പ്രത്യേക പരിഗണനയില്ല. തെറ്റ് ചെയ്തിട്ടുണ്ടോ, ആ തെറ്റ് ചെയ്തവര്‍ക്കെതിരെ സ്വാഭാവികമായും കര്‍ക്കശ നടപടിയെടുക്കും. ഇരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയോ സ്ഥാനമോ പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമാകില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികളായ ആരും നിയമത്തിന് മുന്നില്‍നിന്ന് രക്ഷപ്പെടില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും ഒരുവിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular