രാജ്യത്ത് അതിവേഗ വളര്‍ച്ചയുള്ള നഗരങ്ങളില്‍ കോഴിക്കോട് മുന്നില്‍

കോഴിക്കോട്: രാജ്യത്ത് അതിവേഗവളര്‍ച്ചയുള്ള നഗരങ്ങളില്‍ മുന്നിലെത്തിയ കോഴിക്കോട് 23 വര്‍ഷംകൊണ്ട് നേടിയത് 44 മടങ്ങ് വളര്‍ച്ച. 1991-ല്‍ 535 ഹെക്ടറായിരുന്നു സമീപപ്രദേശങ്ങളിലേക്കുള്ള നഗരത്തിന്റെ വളര്‍ച്ച. എന്നാല്‍ 2014 ആയപ്പോഴേക്കും അത് 23,642 ഹെക്ടറിലേക്കെത്തിയെന്ന് യു.എ ന്‍ഹാബിറ്റാറ്റ്, ലിങ്കണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂയോര്‍ക്ക് സര്‍വകലാശാലയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 18.1 ശതമാനം വളര്‍ച്ചയാണ് ഇത്രയും വര്‍ഷംകൊണ്ട് നഗരവത്കരണത്തിലുണ്ടായത്. നഗരത്തിലുള്ളവര്‍ തൊട്ടടുത്ത പ്രദേശങ്ങള്‍ താമസത്തിനായി തിരഞ്ഞെടുക്കുന്നതുകൊണ്ട് പാര്‍പ്പിടങ്ങളും ജനസംഖ്യയും തമ്മിലുളള അനുപാതത്തിലും വലിയ അന്തരമുണ്ടായിട്ടുണ്ട്. 935.68 പേര്‍ക്ക് ഒരു ഹെക്ടര്‍ എന്നായിരുന്നു 1991ലെ ബില്‍ഡപ്പ് ഏരിയയുടെ (നിര്‍മിത വിസ്തൃതി)തോത്. എന്നാല്‍ 2014 ആവുമ്പോഴേക്കും അത് 104 പേര്‍ക്ക് ഒരു ഹെക്ടര്‍ എന്നതിലേക്ക് ചുരുങ്ങി. 2001-നും 2014-നും ഇടയില്‍ 9,569 ഹെക്ടര്‍ ബില്‍ഡപ്പ് ഏരിയയാണ് നഗരവത്കരണത്തിന്റെ ഭാഗമായത്.

ജനസംഖ്യയുടെ കാര്യത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. 1991-ലെ ഫെബ്രുവരിയിലെ കണക്കുപ്രകാരം 202,611 ആയിരുന്നു നഗരത്തിലെ ജനസംഖ്യ. 2001ആയപ്പോഴേക്കും അത് 440,243-ലും പിന്നീട് 2014-ല്‍ എത്തിയപ്പോള്‍ 1,171,852-ലും എത്തി. 7.6 ശതമാനം വീതമാണ് നഗരജനസംഖ്യ കൂടിയത്. നഗരവളര്‍ച്ചയോടൊപ്പംതന്നെ സമീപത്തെ ഒഴിഞ്ഞപ്രദേശങ്ങള്‍ കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, നഗരം സമീപപ്രദേശങ്ങളിലേക്ക് നീളുന്നത് നല്ല ലക്ഷണമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദേശരാജ്യങ്ങളൊക്കെ കോംപാക്‌സിറ്റി എന്ന ആശയത്തിലേക്ക് മാറിയതായി എന്‍.ഐ.ടി. ആര്‍കിടെക്ട് ആന്‍ഡ് പ്ലാനിങ് വിഭാഗം മേധാവി ഡോ. പി.എ. അനില്‍കുമാര്‍ പറഞ്ഞു. നഗരം ഗ്രാമങ്ങളിലേക്ക് വളരുന്നതിനനുസരിച്ച് അവിടത്തെ പ്രകൃതിസമ്പത്ത് ചൂഷണം ചെയ്യപ്പെടുകയും കൃഷി, കുടിവെള്ളം എന്നിവയെ ഉള്‍പ്പെടെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1991 മുതല്‍ 2014 വരെയുള്ള വിവരങ്ങള്‍ വെച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. 2016-ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷവും നഗരത്തിന് വന്‍വളര്‍ച്ചയുണ്ടായിട്ടുണ്ട്. കോഴിക്കോട് ബൈപ്പാസിനോടുചേര്‍ന്ന് മറ്റൊരു നഗരംതന്നെ വളര്‍ന്നുവരികയാണ്.

Similar Articles

Comments

Advertismentspot_img

Most Popular