എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭീകരം

കൊല്ലം: വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമാണ് എസ്.എഫ്.ഐ എന്ന് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. കൊല്ലം ജില്ല സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി എഐഎസ്എഫ് രംഗത്തെത്തിയത്. കലാലയങ്ങളില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകരമായ രീതിയിലാണ്. ജില്ലയിലെ ക്യാമ്പസുകളിലും എഐഎസ്എഫിനെ മുഖ്യശത്രുവായിട്ടാണ് എസ്എഫ്ഐ കാണുന്നതെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

അരാഷ്ട്രീയമായ പ്രവര്‍ത്തനമാണ് എസ്എഫ്ഐയുടേത്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ വേരുറപ്പിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം. കുണ്ടറ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ എഐഎസ്എഫ് ഭരണത്തിലെത്തുമെന്ന് കണ്ട് എസ്എഫ്ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. വര്‍ഗീയ സംഘടനകള്‍ കോളേജുകളില്‍ ഭരണം ലഭിച്ചാലും എഐഎസ്എഫിന് ലഭിക്കരുതെന്നാണ് അവരുടെ നിലപാടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അതേ സമയം എഐഎസ്എഫ് ജില്ലാ ഘടകം കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തിയില്ലെന്ന സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ക്യാമ്പയിനുകള്‍ ഏറ്റെടുക്കാനും വിജയിപ്പിക്കാനും കമ്മിറ്റികള്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം പാരിപ്പള്ളിയിലാണ് എഐഎസ്എഫ് ജില്ലാ സമ്മേളനം നടക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരെയും എഐഎസ്എഫ് രംഗത്തെത്തി. കെ.ടി. ജലീല്‍ അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കുത്തഴിഞ്ഞ രീതിയിലുള്ള സംഭവവികാസങ്ങളാണ് നടന്നുവരുന്നത്. യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൂകാഭിനയം നടത്തുന്ന മന്ത്രി അവസരത്തിനൊപ്പം മാറിമറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ എസ്.എഫ്.ഐ.യെ ഭൂരിപക്ഷം കമ്മിറ്റികളും നിശിതമായി വിമര്‍ശിച്ചു. കൊല്ലം എസ്.എന്‍.കോളേജ് ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജിലേതുപോലെ ഇടിമുറികള്‍ പ്രവര്‍ത്തിക്കുകയാണ്.

ധാര്‍മികതയും സദാചാരബോധവും നഷ്ടപ്പെട്ടവരായി മാറിയിരിക്കുന്ന എസ്.എഫ്.ഐ ആശയപോരാട്ടംകൊണ്ട് നേരിടാന്‍ കഴിയില്ലെന്നു മനസ്സിലാക്കി ജില്ലയിലുടനീളമുള്ള കലാലയങ്ങളില്‍ അക്രമം അഴിച്ചുവിടുന്നെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular