ബുമ്രയുടെ ബോളിങ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയുടെ വിഡിയോ

ന്യൂഡല്‍ഹി: ഏകദിനത്തില്‍ ലോക റാങ്കിങ്ങില്‍ ഒന്നാറാങ്കുള്ള ജസ്പ്രീത് ബുമ്രയുടെ ബോളിങ് ആക്ഷന്‍ അനുകരിക്കുന്ന മുത്തശ്ശിയുടെ വിഡിയോ വൈറലാകുന്നു. ഇന്ത്യയില്‍നിന്നുള്ള എക്കാലത്തെയും മികച്ച പേസ് ബോളര്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുന്ന താരമാണ് ബുമ്ര. ഗുജറാത്ത് സ്വദേശിയായ ഈ വലംകയ്യന്‍ ഫാസ്റ്റ് ബോളര്‍ക്ക് ആരാധകരും ഏറെയാണ്. പതുക്കെ നടന്നുവന്ന് കൈ പിന്നിലേക്കൊന്ന് ആഞ്ഞ് അതിവേഗത്തില്‍ പന്തെറിയുന്ന ബുമ്രയുടെ ബോളിങ് സ്‌റ്റൈലാണ് അദ്ദേഹത്തെ മറ്റു ബോളര്‍മാരില്‍നിന്നു വ്യത്യസ്തനാക്കുന്നത്. അവസാന ഓവറുകളില്‍ തുടരെ യോര്‍ക്കറുകള്‍ എറിഞ്ഞ് ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധത്തിലാക്കാനുള്ള ബുമ്രയുടെ വിരുത് ഒന്നു വേറെ തന്നെയാണ്.

ഇപ്പോഴിതാ, ബുമ്രയുടെ ബോളിങ് ആക്ഷന്‍ അനുകരിക്കുന്ന ഒരു മുത്തശ്ശിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ക്രിക്കറ്റ് ആരാധികയായ ഒരു യുവതിയാണ് തന്റെ അമ്മ ബുമ്രയുടെ ബോളിങ് ആക്ഷന്‍ അനുകരിക്കുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. വീടിനുള്ളില്‍ത്തന്നെ പന്ത് കയ്യിലെടുത്ത് ബുമ്ര സ്‌റ്റൈലില്‍ മുത്തശ്ശി ഓടുന്ന വിഡിയോ വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല. മക്കളേപ്പോലെ തന്നെ അമ്മയ്ക്കും ലോകകപ്പിലെ ബുമ്രയുടെ പ്രകടനം ഏറെ ഇഷ്ടമായെന്നും അതുകൊണ്ടാണ് അവര്‍ ബുമ്രയുടെ ബോളിങ് ആക്ഷന്‍ അനുകരിക്കുന്നതെന്നും ആരാധിക ട്വിറ്ററില്‍ കുറിച്ചു.

ഇപ്പോഴിതാ ആ വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുകയാണു സാക്ഷാല്‍ ബുമ്ര. ‘ദിസ് മെയ്ഡ് മൈ ഡേ’ എന്നാണ് വിഡിയോ കണ്ട സന്തോഷത്തില്‍ ബുമ്ര പ്രതികരിച്ചത്. നേരത്തേ ബുമ്രയുടെ ബോളിങ് ആക്ഷന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അനുകരിച്ചിരുന്നു. ലോകകപ്പിനിടെ പരിശീലന വേളയിലാണ് ബുമ്രയുടെ ആക്ഷന്‍ കോലി അനുകരിച്ചത്. ജസ്പ്രീത് ബുമ്ര അടുത്തുനില്‍ക്കുമ്പോഴായിരുന്നു ഇത്. ബോളിങ്ങിനു ശേഷം ബുമ്രയുടെ ‘ആഘോഷവും’ കോലി അനുകരിക്കാന്‍ ശ്രമിച്ചു

SHARE