പ്രളയം: കോണ്‍ഗ്രസ് പ്രഖ്യാപിച്ച 1000 വീടുകള്‍ എവിടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയാനന്തര പുനഃനിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത 1000 വീടുകള്‍ എവിടെയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്നും അത് ചര്‍ച്ച ചെയ്യണണമെന്നാണ് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വി.ഡി.സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ചാനല്‍ ഇംപാക്ടിന് വേണ്ടിയാണ് പ്രതിപക്ഷം അടിയന്തരം പ്രമേയം കൊണ്ടുവന്നത്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. പിന്നീട് പ്രതിപക്ഷം പ്രതിഷേധ നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള നിര്‍മ്മാണം പരാജയമെന്ന് പറയുന്നവര്‍ പ്രത്യേക മനസ്ഥിതിയുള്ളവരാണ്. അവര്‍ ദിവാസ്വപ്നം കാണുകയാണ്. ഒരു പ്രവര്‍ത്തനവും നടത്താത്തവരാണ് ഇത്തരം ദിവാസ്വപ്നം കണ്ടുക്കൊണ്ടിരിക്കുന്നത്. പ്രളയത്തില്‍ നാശനഷ്ടമുണ്ടായ ഒരു കുടുംബത്തെയും ഒഴിവാക്കില്ല. വീടുകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഗഡുക്കളായി സഹായം നല്‍കും. പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കി വരുന്നു. റീ ബില്‍ഡ് കേരള കേവലമൊരു സര്‍ക്കാര്‍ സംവിധാനമല്ല. പ്രളയാനന്തര പുനഃനിര്‍മാണത്തിന് മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

10 മാസം കഴിഞ്ഞിട്ടും പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ല. അവര്‍ക്ക് സഹായവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രളബാധിതരുടെ കണ്ണീരില്‍ സര്‍ക്കാര്‍ ഒഴുകി പോകുമെന്നും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി കൊണ്ട് പ്രതിപക്ഷം സഭയില്‍ ആരോപിച്ചിരുന്നു.

ഈ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. വിഭവസമാഹരണം തടയാനുള്ള നീക്കവും പ്രതിപക്ഷം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇതിനിടെ വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7