കേരളത്തില്‍ കള്ളവോട്ട് ആദ്യമായിട്ടല്ല. നേരത്തെ തന്നെ കള്ളവോട്ടിന്റെ പാരമ്പര്യമുണ്ടെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ട് ഒന്ന് മാത്രം ആണെങ്കിലും അത് തെറ്റ് തന്നെയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രണ്ട് കള്ളവോട്ട് ചെയ്താലെ റീപോളിങ് നടത്താവൂ എന്നതല്ല. കേരളത്തില്‍ കള്ളവോട്ട് ആദ്യമായിട്ടല്ല. നേരത്തെ തന്നെ കള്ളവോട്ടിന്റെ പാരമ്പര്യമുണ്ട്. ഇത്തവണ ഞങ്ങള്‍ക്കത് പിടികൂടാനായെന്നും മീണ പറഞ്ഞു. വോട്ടെണ്ണല്‍ ക്രമീകരണത്തെ സംബന്ധിച്ച് മാതൃഭൂമി ന്യൂസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കള്ളവോട്ട് നടന്നതിന്റെ പേരില്‍ റീപോളിങ് നടത്തുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

പോസ്റ്റല്‍ വോട്ട് സംബന്ധിച്ച എല്ലാ ആരോപണങ്ങളും ക്രമക്കേടുകളുമടക്കം എല്ലാ സത്യങ്ങളും പുറത്ത് വരുമെന്നാണ് വിശ്വാസമെന്നും ടിക്കാറാം മീണ പറഞ്ഞു.

23-ന് രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തുറക്കും. 8.30 ഓടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും അതിന് ശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണും ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണി തീരും. അതേ സമയം വിവിപാറ്റുകളിലെ വോട്ടുകള്‍ എണ്ണി തീരണമെങ്കില്‍ നാലഞ്ച് മണിക്കൂറുകളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

SHARE