ഇനി ആ സമയത്ത് ആരും കാലുമാറരുത്..!! പൃഥ്വിയെ ട്രോളി ഒമര്‍ ലുലു

ഐറ്റം ഡാന്‍സ് വിവാദത്തിന് പിന്നാലെ നടനും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒമര്‍ ലുലു. ലൂസിഫറിലെ ഐറ്റം ഡാന്‍ഡിനെച്ചൊല്ലിയുണ്ടായ വിവാദത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. ”ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാലുമാറരുത്”-ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നും അത്തരം ഡയലോഗുകള്‍ പറയില്ലെന്നും പ്രഖ്യാപിച്ച പൃഥ്വി ആദ്യചിത്രത്തില്‍ തന്നെ ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയത് വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.

മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ ക്ലൈമാക്‌സ് രംഗത്തിലാണ് ഐറ്റം ഡാന്‍സ് ഉള്‍പ്പെടുത്തിയിരുന്നത്. ഡാന്‍സ് ബാറില്‍ ഐറ്റം ഡാന്‍സ് അല്ലാതെ ഓട്ടന്‍ തുള്ളല്‍ കാണിക്കാന്‍ പറ്റുമോ എന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ഒമര്‍ ലുലുവിന്റെ പോസ്റ്റിന് നിരവധിക കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന് അനുകൂലമായ കമന്റുകള്‍ക്കൊപ്പം ഒമറിനെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.

SHARE