കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സര്‍വേ

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത പോരാട്ടമാണ് ഉണ്ടാകുകയെന്ന് സര്‍വേ. ഇരുമുന്നണികള്‍ക്കും എട്ട് മുതല്‍ 12 വരെ സീറ്റുകള്‍ നേടാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വ്യക്തമാക്കുന്നു. കേരളത്തില്‍ യു ഡി എഫ് തരംഗമെന്നായിരുന്നു ദേശീയ മാധ്യമങ്ങളുടെയടക്കം സര്‍വ്വെകള്‍ പ്രവചിച്ചത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ സര്‍വ്വെയും സമാനമായിരുന്നു. എന്നാല്‍ എതെല്ലാം തള്ളികളയുന്നതാണ് കൈരളി ടിവിയും സിഇഎസും(സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ്) ചേര്‍ന്ന് നടത്തിയ പോസ്റ്റ് പോള്‍ സര്‍വ്വെ. കേരളത്തില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നാണ് സര്‍വ്വെ വിശദമാക്കുന്നത്. ഒരു മണ്ഡലത്തില്‍ പോലും എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തില്ലെന്നും ചൂണ്ടികാട്ടുന്നു. മണ്ഡലങ്ങളിലെ വോട്ട് വിഹിതം പരിഗണിച്ചാല്‍ ഇടതുപക്ഷം നേരിയ മുന്‍തൂക്കം നേടുമെന്നാണ് സര്‍വ്വെ പറയുന്നത്. ആകെയുള്ള 20 സീറ്റുകളില്‍ 11 സീറ്റുകളില്‍ ഇടതുപക്ഷത്തിന് വിജയസാധ്യതയെന്നാണ് സര്‍വ്വെ.

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ഇടതു പക്ഷം മികച്ച വിജയം നേടുമെന്ന് പ്രഖ്യാപിക്കുന്ന സര്‍വ്വെ പക്ഷെ മധ്യകേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കുന്നു. തെക്കന്‍ കേരളത്തില്‍ ആകെയുള്ള ആറ് മണ്ഡലങ്ങളില്‍ നാലിലും ഇടതുപക്ഷത്തിന് വിജയ സാധ്യത പ്രഖ്യാപിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കാണ് ജയസാധ്യത നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തും മാവേലിക്കരയിലുമാകും യുഡിഎഫ് മേല്‍ക്കോഴ്മ. തൃകോണ പോരാട്ടം നടന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്താകുമെന്നും തെക്കന്‍ കേരളത്തിലെ സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.

ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന തിരുവനന്തപുരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വമ്പന്‍ ജയം നേടുമെന്നാണ് കൈരളി-സിഇഎസ് സര്‍വ്വെയുടെ പ്രവചനം. രണ്ടാം സ്ഥാനത്തേക്ക് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി ദിവാകരനെത്തുമെന്ന് വ്യക്തമാക്കുന്ന സര്‍വ്വെ ബിജെപിക്കും കുമ്മനത്തിനും മൂന്നാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ശശി തരൂര്‍ 36.5 ശതമാനം വോട്ട് നേടുമെന്ന് പറയുന്ന സര്‍വ്വെ സി ദിവാകരന്‍ 32.2 ശതമാനവും കുമ്മനം 29.7 ശതമാനവും വോട്ട് നേടുമെന്ന് ചൂണ്ടികാട്ടുന്നു.

തൃകോണ പോരാട്ടം നടന്ന പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് നേരിയ വ്യത്യാസത്തിലുള്ള വിജയമാണ് കൈരളി ന്യൂസ്-സിഇഎസ് പോസ്റ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ അത്ഭുതം കാട്ടുമെന്ന് വിശ്വാസം പ്രകടിപ്പിച്ച മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍ ബിജെപിക്ക് മൂന്നാം സ്ഥാനമാണ് സര്‍വെ നല്‍കുന്നത്. വീണാ ജോര്‍ജിന് 34.6 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ആന്റോ ആന്റണി 34.3 ശതമാനം വോട്ട് നേടും. ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വ്യത്യാസം. കെ സുരേന്ദ്രന്‍ 29.2 ശതമാനം വോട്ട് നേടുമെന്നും സര്‍വെ പറയുന്നു.

ആലപ്പുഴയില്‍ ഇടതുസ്ഥാനാര്‍ത്ഥി ആരിഫിനാണ് വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. മാവേലിക്കരയിലാകട്ടെ കൊടിക്കുന്നില്‍ സുരേഷിലൂടെ യു ഡി എഫ് വിജയം ആവര്‍ത്തിക്കും. എന്നാല്‍ കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെ അട്ടിമറിച്ച് കെ എന്‍ ബാലഗോപാല്‍ ചെങ്കൊടി പാറിക്കുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.

മധ്യ കേരളത്തില്‍ ആകെയുള്ള ആറ് സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് വിജയം ഉറപ്പുള്ളതെന്നാണ് സര്‍വ്വെ പറയുന്നത്. തൃശൂരില്‍ രാജാജി അട്ടിമറി വിജയം നേടുമ്പോള്‍ ആലത്തൂര്‍ പി കെ ബിജു നിലനിര്‍ത്തും. എന്നാല്‍ ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് സര്‍വ്വെ മുന്‍തൂക്കം നല്‍കുന്നത്.

ശ്രദ്ധേയമായ പോരാട്ടം നടന്ന ആലത്തൂരില്‍ ഇടതു സ്ഥാനാര്‍ത്ഥി പി കെ ബിജു ഹാട്രിക് വിജയം നേടുമെന്നാണ് കൈരളി- സി ഇ എസ് പറയുന്നത്. പി കെ ബിജു വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടിയിരുന്ന ആലത്തൂരില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് മികച്ച പോരാട്ടമാണ് നടത്തിയതെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ആലത്തൂരില്‍ പി കെ ബിജുവിന് 42.6 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ രമ്യക്ക് 41.4 ശതമാനം വോട്ട് ലഭിക്കും. എന്‍ഡിഎയ്ക്ക് 3.7 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വെ പറയുന്നു.

താരമണ്ഡലങ്ങളായ തൃശൂരിലും ചാലക്കുടിയിലും താരങ്ങള്‍ പരാജയം ഏറ്റുവാങ്ങുമെന്നാണ് സര്‍വ്വെ പറയുന്നത്. തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ പ്രതാപനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യൂ തോമസ് വിജയിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 39.2 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫിന് 37.1 ശതമാനം വോട്ട് ലഭിക്കും. എന്‍ഡിഎയ്ക്ക് 21.6 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വെ പറയുന്നു. ചാലക്കുടിയില്‍ എല്‍ഡിഎഫിനെ ഞെട്ടിക്കുന്ന സര്‍വെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. നിലവിലെ എംപിയായ ഇന്നസെന്റിന് കാലിടറും. എല്‍ഡിഎഫിന് 38.6 ശതമാനം വോട്ട് ലഭിക്കമ്പോള്‍ 39.3 ശതമാനം വോട്ടിന്റെ നേരിയ മുന്‍തൂക്കമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന് ലഭിക്കുക. സുരേഷ് ഗോപിക്ക് 20.8 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വ്വെ പറയുന്നു.

സിപിഎം അഭിമാനപോരാട്ടമായി കാണുന്ന എറണാകുളത്ത് സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി രാജീവിന് വോട്ട് വര്‍ധനയില്‍ അത്ഭുതം കാട്ടുമെങ്കിലും വിജയം കൈയെത്തും ദൂരെ നഷ്ടമാകുമെന്നാണ് സര്‍വ്വെ പറയുന്നത്. പി രാജീവ് 39 ശതമാനം വോട്ട് നേടുമെന്ന് പറയുന്ന സര്‍വ്വെ ഹൈബി ഈഡന്‍ 39.6 ശതമാനം വോട്ട് നേടുമെന്നും ചൂണ്ടികാട്ടുന്നു. നേരിയ ഭൂരിപക്ഷമാണ് ഹൈബിക്ക് സര്‍വ്വെ നല്‍കുന്നത്. ഇടുക്കിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ജോഴ്‌സ് ജോര്‍ജിനെ അട്ടിമറിച്ച് അത്ഭുതം കാട്ടുമെന്നാണ് സര്‍വ്വെ പറയുന്നത്. കോട്ടയത്താകട്ടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ വമ്പന്‍ വിജയം നേടുമെന്നും പോസ്റ്റ് പോള്‍ സര്‍വ്വെ പറയുന്നു.

അതേസമയം വടക്കന്‍ കേരളത്തില്‍ ഇടതു തരംഗമെന്നാണ് പ്രവചിക്കുന്നത്. വടക്കന്‍ കേരളത്തില്‍ ആകെയുള്ള ഏട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ഇടതു പക്ഷം വിജയിക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ കെ പി സതീഷ് ചന്ദ്രന്‍ തറപറ്റിക്കുമെന്ന് കൈരളി ടിവിയുടെ പോസ്റ്റ് പോള്‍ സര്‍വേ പറയുന്നു. കേരളത്തിലെ മറ്റ് രണ്ട് സര്‍വേകളെയും തള്ളിയാണ് കൈരളി ടിവിയുടെയും സിഇഎസിന്റെയും സര്‍വേ ഫലം. 41.7 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടുമ്പോള്‍ 40.1 ശതമാനം വോട്ടുകള്‍ യുഡിഎഫ് സ്വന്തമാക്കുമെന്നുമാണ് സര്‍വേ ഫലം. അതേസമയം ബിജെപി 16.4 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വ്വ പറയുന്നു.

കണ്ണൂരില്‍ പി കെ ശ്രീമതിയും കോഴിക്കോട് പ്രദീപ് കുമാറും നേരിയ ഭൂരിപക്ഷത്തിന് ചെങ്കൊടി പാറിക്കുമെന്നാണ് സര്‍വ്വെ ചൂണ്ടികാട്ടുന്നത്. കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന വടകരയില്‍ പി ജയരാജന്‍ വിജയിക്കും. എം ബി രാജേഷ് ഹാട്രിക് വിജയം നേടി പാലക്കാട് മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വ്വെ പറയുന്നു. അതേസമയം രാഹുല്‍ ഗാന്ധി വയനാടില്‍ വമ്പന്‍ ജയം നേടുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ലീഗ് കോട്ടകളായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മികച്ച വിജയം നേടുമെന്നും സര്‍വ്വെ പറയുന്നു.

കൈരളി ടിവിക്ക് സര്‍വേയില്‍ ഉത്തരവാദിത്തമില്ലെന്നും പൂര്‍ണ ഉത്തരവാദിത്തം സര്‍വേ ഏജന്‍സിയായ സിഇഎസിനായിരിക്കുമെന്നും അവതാരകന്‍ വ്യക്തമാക്കുന്നുണ്ട്. 20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ 12000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്ന് ഏജന്‍സി അവകാശപ്പെടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular