ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കി കോഹ്ലി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സമ്മര്‍ദ്ദഘട്ടങ്ങളിളെ അതിജീവിക്കാനുള്ള കാര്‍ത്തിക്കിന്റെ പരിചയസമ്പത്താണ് ഋഷഭ് പന്തിന് പകരം കാര്‍ത്തിക്കിനെ ടീമിലെടുക്കാനുള്ള കാരണമെന്ന് കോലി ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

സമ്മര്‍ദ്ദഘട്ടങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന കളിക്കാരനാണ് കാര്‍ത്തിക്. പരിചയസമ്പത്തും കാര്‍ത്തിക്കിന് അനുകൂലഘടകമാണ്. ധോണിയ്ക്ക് എന്തെങ്കിലും പരിക്ക് പറ്റിയാല്‍ വിക്കറ്റിന് പിന്നിലും കാര്‍ത്തിക്കിന്റെ അനുഭവസമ്പത്ത് മുതല്‍ക്കൂട്ടാകും. ഫിനിഷര്‍ എന്ന നിലയിലും കഴിവുതെളിയിച്ച കളിക്കാരനാണ് കാര്‍ത്തിക്. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റിന് പോകുമ്പോള്‍ ഇത്തരം എല്ലാ കാര്യങ്ങളും പരിഗണിക്കേണ്ടതായിവരുമെന്നും കോലി പറഞ്ഞു.

2004ല്‍ ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയ കാര്‍ത്തിക് 91 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഏകദിനങ്ങളില്‍ അരങ്ങേറിയ ഋഷഭ് പന്ത് ഇതുവരെ അഞ്ച് ഏകദിനങ്ങളില്‍ മാത്രമെ കളിച്ചിട്ടുള്ളു. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും ഇതുവരെ കളിച്ച ഏകദിനങ്ങളില്‍ അത്ര ആശാവഹമായിരുന്നില്ല പന്തിന്റെ പ്രകടനം.

Similar Articles

Comments

Advertismentspot_img

Most Popular