ഐപിഎല്‍ ഫൈനല്‍ പോരാട്ടം ഇന്ന്; ആര് ജയിക്കും ചെന്നൈയോ മുംബൈയോ..?

ഐപിഎല്ലിലെ തുല്യശക്തികളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും. ഇന്നറിയാം ഇത്തവണത്തെ ഐപിഎല്‍ രാജാവാരെന്ന്. ഹൈദരാബാദില്‍ രാത്രി 7.30ന് ഫൈനല്‍ തുടങ്ങും. താരത്തിളക്കത്തിലും ആരാധകപിന്തുണയിലും കിരീടങ്ങളുടെ എണ്ണത്തിലും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന 2 ടീമുകള്‍. ഐപിഎല്‍ ചരിത്രത്തിലും പന്ത്രണ്ടാം സീസണിലും ആദ്യസ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും കലാശപ്പോരിനിറങ്ങുമ്പോള്‍ കുട്ടിക്രിക്കറ്റിലെ ഗ്ലാമര്‍ ലീഗിന് മോഹിപ്പിക്കുന്ന ക്ലൈമാക്‌സ്.

‘ ഞങ്ങള്‍ക്കൊപ്പം ധോണിയുണ്ട് ‘ എന്ന് വിളിച്ച് പറഞ്ഞ സിഎസ്‌കെ ആരാധകരെ സീസണില്‍ മൂന്നുവട്ടം നിശബ്ദരാക്കിയ ഓര്‍മ്മകള്‍ രോഹിത് ശര്‍മ്മയ്ക്ക് ഊര്‍ജ്ജമാകും. 2013 മുതല്‍ ഒന്നിടവിട്ട വര്‍ഷങ്ങളിലെല്ലാം കിരീടം നേടിയിട്ടുണ്ടെന്ന ചരിത്രവും നീലപ്പടയില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് കരുത്താണ്. റണ്‍ ഒഴുകാന്‍ ഇടയുളള പിച്ചില്‍ ജയന്ത് യാദവിന് പകരം മിച്ചല്‍ മക്ലനാഘനെ മുംബൈ ടീമില്‍ പ്രതീക്ഷിക്കാം. പിച്ചിനും എതിരാളികള്‍ക്കും അനുസരിച്ച് ടീമില്‍ അഴിച്ചുപണി വരുത്തുന്ന ധോണിക്ക് ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയെ കുറിച്ച് ആശങ്കകള്‍ ഏറെ. ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് 16 ഉം ചെന്നൈക്ക് 11 ഉം ജയം വീതമാണുള്ളത്. നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയും വിജയികളെ കാത്തിരിക്കുമ്പോള്‍ ഐപിഎല്ലിലെ എല്‍ക്ലാസ്സിക്കോ ഫൈനല്‍ ക്ലാസ്സിക്ക് പോരാട്ടം സമ്മാനിക്കുമെന്ന് ഉറപ്പിക്കാം.

ചെന്നൈക്കെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ചരിത്രം മുംബൈ ഇന്ത്യന്‍സിന് അനുകൂലമാണ്. 3 വട്ടം ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ , 2 തവണയും ചെന്നൈയെ മുംബൈ വീഴ്ത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ടാം ഐപിഎല്‍ ഫൈനലാണിത്. മുംബൈ ഇന്ത്യന്‍സിന് അഞ്ചാമത്തെയും. ഫൈനലുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏക തോല്‍വി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുമ്പിലാണ്, 2010 ല്‍ സച്ചിന്‍ ഉള്‍പ്പെട്ട മുംബൈയെ 22 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ ചെന്നൈക്ക് സ്വന്തമായത് ആദ്യ കിരീടം.

3 വര്‍ഷത്തിനപ്പുറം മഞ്ഞപ്പടയെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ കിരീടനേട്ടം. പൊള്ളാര്‍ഡും മലിംഗയും കൊടുങ്കാറ്റായപ്പോള്‍ , മുംബൈക്ക് 23 റണ്‍സ് വിജയം. 2015ലെ ഫൈനലില്‍ മുംബൈയെ മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ രോഹിത് ശര്‍മ്മ. 41 റണ്‍സിന്റെ ആധികാരിക ജയത്തോടെ നീലപ്പടയ്ക്ക് രണ്ടാം കിരീടനേട്ടം. ഈ സീസണില്‍ നേര്‍ക്കു നേര്‍ വന്ന 3 വട്ടവും മുംബൈക്ക് മുന്നില്‍ ചെന്നൈക്ക് അടിതെറ്റി. ഒരു തവണ പോലും ചെന്നൈക്ക് 135 നപ്പുറം കടക്കാനായില്ലെന്നതും മുംബൈയുടെ കരുത്തിന് തെളിവാണ്. സീസണില്‍ മൂന്ന് കളിയില്‍ കൂടുതല്‍ തുടര്‍ച്ചയായി ജയിക്കാന്‍ മുംബൈക്ക് കഴിഞ്ഞിട്ടില്ല. ഇത് ചെന്നൈക്ക് പ്രതീക്ഷ നല്‍കും. അതേസമയം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഒരു കളിയും മുംബൈ തോറ്റിട്ടില്ലെന്നതും സീസണിലെ ചരിത്രം. ആദ്യ ക്വാളിഫയറില്‍ തന്നെ ഫൈനല്‍ ഉറപ്പാക്കിയ ശേഷം 4 ദിവസം വിശ്രമം ലഭിച്ച മുംബൈ ടീം , ചെന്നൈയുടെ വെറ്ററന്‍ താരങ്ങളേക്കാള്‍ ഊര്‍ജ്ജ്വസ്വലരാണെന്നതും മുംബൈയ്ക്ക് മുന്‍തൂക്കം നല്‍കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular