കൊച്ചി: രോഗികള്‍ക്ക് ചികിത്സാച്ചെലവ് നേരിടുന്നതിന് പലിശരഹിത വായ്പാ സൗകര്യം ലഭ്യമാക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ (എഎഫ്എസ്‌സി) ആരംഭിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സമയോചിതമായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആസ്റ്റര്‍ ഈസി കെയര്‍, ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമുകള്‍, ചാരിറ്റി എന്നീ സേവനങ്ങളാണ് ആസ്റ്റര്‍ ഫിനാന്‍സ് സെന്റര്‍ ലഭ്യമാക്കുക.
ബജാജ് ഫിന്‍സേര്‍വ്, ഫെഡറല്‍ ബാങ്ക് എന്നിവയുമായി സഹകരിച്ച് രോഗികള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയോടെ ലളിതമായ മാസത്തവണ വ്യവസ്ഥയില്‍ തിരിച്ചടയ്ക്കാവുന്ന സാമ്പത്തിക സേവനമാണ് ആസ്റ്റര്‍ ഈസി കെയര്‍. വായ്പയുടെ പലിശ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറാണ് അടയ്ക്കുക. പെട്ടെന്ന് കണ്ടെത്തുന്ന രോഗങ്ങളോ അപകടങ്ങളോ ഉണ്ടാകുന്ന നിര്‍ധനരായ ആളുകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഇത്. സാമ്പത്തിക പരാധീനത മൂലം മാറ്റിവെച്ചിരിക്കുന്ന ശസ്ത്രക്രിയകള്‍ നടത്താന്‍ ഇത് പ്രയോജനകരമാണ്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴിലുള്ള ചില ആശുപത്രികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ആസ്റ്റര്‍ ഈസി കെയര്‍ രോഗികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്.
ഇന്റര്‍നെറ്റില്‍ ക്രൗഡ്ഫണ്ടിങ്ങിലൂടെ അര്‍ഹരായ രോഗികള്‍ക്ക് വളരെ എളുപ്പത്തില്‍ ആവശ്യമായ പണം ലഭ്യമാക്കുന്നതാണ് മറ്റൊരു സേവനം. അവയവമാറ്റം ഉള്‍പ്പെടെ ഏറെ പണച്ചെലവുള്ള വളരെ സങ്കീര്‍ണമായ ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ഇത് ആശ്വാസം പകരും. ഇത്തരം രോഗികളുടെ സഹായത്തിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്തെകെയര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മിലാപ്, ഇംപാക്റ്റ് ഗുരു തുടങ്ങിയ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമുകള്‍ പോസ്റ്റ് ചെയ്യുന്ന മെഡിക്കല്‍ റെക്കോര്‍ഡുകളും, ഫോട്ടോകളും വിശാലമനസ്‌കരായ ആളുകളില്‍ നിന്നും വമ്പിച്ച പ്രതികരണമാണ് ഉളവാക്കുന്നത്. അര്‍ഹരായ രോഗികള്‍ക്കായി ധനസമാഹരണ പ്രചാരണത്തിന് ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ പൂര്‍ണ പിന്തുണ നല്‍കും.
അര്‍ഹരായ നിര്‍ധന രോഗികള്‍ക്ക് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും ഡോ. മൂപ്പന്‍സ് ഫാമിലി ഫൗണ്ടേഷനും നിലവില്‍ നല്‍കിവരുന്ന പൂര്‍ണവും ഭാഗികവുമായ സബ്‌സിഡികള്‍ ഇനി ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ വഴിയാകും നല്‍കുക. ഇതിന് പുറമേ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ഗ്ലോബല്‍ പ്രോഗ്രാം നിര്‍ധനരായ രോഗികളെ സഹായിക്കാനായി വിവിധ സ്രോതസ്സുകള്‍ വിനിയോഗിക്കുന്നതായിരിക്കും.
ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ ബംഗലൂരു, ആസ്റ്റര്‍ ആധാര്‍ ഹോസ്പിറ്റല്‍ കോല്‍ഹാപൂര്‍, ആസ്റ്റര്‍ പ്രൈം ഹോസ്പിറ്റല്‍ ഹൈദരാബാദ്, ആസ്റ്റര്‍ രമേശ് ഹോസ്പിറ്റല്‍ ഗുണ്ടൂര്‍, ആസ്റ്റര്‍ രമേശ് ഹോസ്പിറ്റല്‍ വിജയവാഡ, ആസ്റ്റര്‍ രമേശ് ഹോസ്പിറ്റല്‍ എംജി റോഡ്, വിജയവാഡ, ആസ്റ്റര്‍ രമേശ് ഹോസ്പിറ്റല്‍ ഓങ്കോള്‍, ഡിഎം വിംസ് വയനാട് എന്നിവ കൂടാതെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ആസ്റ്റര്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍, ആസ്റ്റര്‍ ആര്‍വി ഹോസ്പിറ്റല്‍ ബംഗലൂരു എന്നിവിടങ്ങളില്‍ ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്ററിന്റെ സേവനം ലഭ്യമാകും.
ചികിത്സയ്ക്ക് ഏറെ പണം ആവശ്യമുള്ള നിര്‍ധനരായ രോഗികളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ ആരംഭിച്ചിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന തടസരഹിത ഏകജാലക സംവിധാനമാണ് എഎഫ്എസ്‌സി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴിലുള്ള ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് കിടക്ക ഒഴിവുണ്ടെങ്കില്‍ എഎഫ്എസ്‌സി ലഭ്യമാക്കുന്ന വിവിധ സേവനങ്ങളിലൂടെ ചികിത്സ ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ചികിത്സാച്ചെലവ് നിശ്ചയിച്ച് കഴിഞ്ഞാല്‍ രോഗികളെയോ അവരുടെ കുടുംബത്തെയോ പലിശരഹിത വായ്പ, ക്രൗഡ് ഫണ്ടിങ് തുടങ്ങി എഎഫ്എസ്‌സി ലഭ്യമാക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് ബോധവല്‍കരിക്കുമെന്ന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ച ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സ് ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. രാജ്യമെമ്പാടുമുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്തെകെയറിന് കീഴിലുള്ള ആശുപത്രികളില്‍ മികച്ച ആരോഗ്യ പരിപാലനം ലഭിക്കാനുള്ള സാമ്പത്തിക തടസ്സങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമമാണ് പദ്ധതിയിലൂടെ ലക്ഷയമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.