കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന് സന്ദേശം

കൊച്ചി: കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി. കര്‍ണാടക പോലീസിനാണ് ഇതുസംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കി.

കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച വൈകീട്ടാണ് ബെംഗളൂരു സിറ്റി പോലീസിന് ഇതുസംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ വിളിച്ചയാള്‍ സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് സന്ദേശത്തില്‍ പറഞ്ഞത്. കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളില്‍ ട്രെയിനുകളില്‍ ഭീകരാക്രമണമുണ്ടാകുമെന്നും 19 ഭീകരവാദികള്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ സന്ദേശം.

അതേസമയം ടെലഫോണ്‍ സന്ദേശത്തിന്റെ വസ്തുത പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പരിശോധനകള്‍ തുടരുകയാണ്. ഭീഷണി സന്ദേശത്തിന്റെ പശ്ചാലത്തലത്തില്‍ കര്‍ണാടക പോലീസ് മേധാവി മറ്റുസംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular