കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍

കൊച്ചി: കേരളത്തില്‍ നിന്നും ബെംഗളൂരിവലേക്ക് ഒരു പ്രതിവാര തീവണ്ടി കൂടി അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് മെംബര്‍ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ ട്രെയിന്‍ ലഭിക്കാനുള്ള വഴി തുറന്നത്.

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് കൂടുതല്‍ പ്രതിദിന ട്രെയിനുകള്‍ വേണമെന്ന് കേരളം ശക്തിയായി വാദിച്ചുവെങ്കിലും ഇത് റെയില്‍വേ അംഗീകരിച്ചില്ലെന്നാണ് സൂചന. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് ബെംഗളൂരുവിലേക്ക് ഒരു പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ അടിയന്തരമായി അനുവദിക്കാം എന്ന നിലപാട് റെയില്‍വേ എടുത്തതായി ജ്യോതിലാല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുന്‍പോ ശേഷമോ പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്. എന്നാല്‍ പുതിയ പ്രതിവാര തീവണ്ടിക്കുള്ള സാധ്യതയും സമയക്രമവും പരിശോധിച്ച് റിപ്പോര്‍ട്ട് അയക്കാനുള്ള നിര്‍ദേശം ദില്ലിയിലെ റെയില്‍വേ ബോര്‍ഡ് ആസ്ഥാനത്ത് നിന്നും ദക്ഷിണറെയില്‍വേ ആസ്ഥാനത്ത് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന രീതിയിലാവണം ട്രെയിനിന്റെ സമയക്രമം എന്നാണ് ദില്ലിയില്‍ നിന്നുള്ള നിര്‍ദേശം.

നിലവില്‍ അഞ്ച് ട്രെയിനുകള്‍ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് നിത്യേന സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതു കൂടാതെ പകല്‍ സമയത്ത് ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സപ്രസ്സും സര്‍വ്വീസ് നടത്തുന്നു. കേരള ആര്‍ടിസി- കര്‍ണാടക ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയുടെ സര്‍വ്വീസുകള്‍ വേറെ. എന്നിട്ടും കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. പ്രതിവാര തീവണ്ടികള്‍ പലതും ദിവസേനയുള്ള സര്‍വ്വീസാക്കി മാറ്റണമെന്ന ആവശ്യം കാലങ്ങളായി റെയില്‍വേക്ക് മുന്നിലുണ്ടെങ്കിലും ഇതേ വരെ അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7