തീരദേശവാസികള്‍ക്ക് ഒരുമാസത്തെ സൗജന്യ റേഷന്‍ അനുവദിച്ച് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: കടലാക്രമണം നേരിടുന്ന തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് റേഷന്‍ നല്‍കുക. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രസഭാ യോഗം കടലാക്രമണവും കാലാവസ്ഥാ മുന്നറിയിപ്പുകളും ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്.

തിരുവനന്തപുരത്ത് ഇരുന്നൂറിലേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നുള്ള ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരു മാസത്തെ റേഷന്‍ തീരദേശത്ത് മുഴുവന്‍ നല്‍കാനുള്ള തീരുമാനമെടുത്തത്. കടല്‍ ക്ഷോഭത്തില്‍ തുറമുഖ വകുപ്പിന്റെ ഒരു പഴയകെട്ടിടമടക്കം തകര്‍ന്നു വീണു. രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകള്‍ അടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിന്റെ തീരത്ത് കടലാക്രമണം രൂക്ഷമാവുകയാണ്. വലിയതുറയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടല്‍ കരകയറി തുടങ്ങിയത്. പാലത്തിന് സമീപം ഇരുപതിലധികം വീടുകളില്‍ വെള്ളം കയറി. നാട്ടുകാര്‍ വീട് വിട്ടോടി. 250 മീറ്റര്‍ ദൂരം കരയിലേക്ക് തിരമാലകളെത്തി.

എല്ലാ വര്‍ഷവും കടലാക്രമണമുണ്ടാവാറുണ്ടെന്നും ഇത് തടയാന്‍ ഫലപ്രദമായ സംവിധാനമില്ലാത്താണ് സ്ഥിതി രൂക്ഷമാവാന്‍ കാരണമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. വീടുകള്‍ സംരക്ഷിക്കാന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവഴിച്ച് താല്‍ക്കാലിക സംരക്ഷണ ഭിത്തി ഉണ്ടാക്കുകയാണ് ഇവര്‍ ഇപ്പോള്‍.

ഇന്ന് രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിലയത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ ശക്തമായ കാറ്റ് കടലില്‍ വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കടല്‍ക്ഷോഭത്തിന് കാരണം.

ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍, കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ കനത്തമഴയും പെയ്യാം.

Similar Articles

Comments

Advertismentspot_img

Most Popular