തിരഞ്ഞെടുപ്പ് സർവേകൾ എല്ലാം പറയുന്നു; പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിൽ

പത്തനംതിട്ട: ഇത്തവണ പത്തനംതിട്ട മണ്ഡലത്തിന് സവിശേഷമായ ചില പ്രത്യേകതകളുണ്ട്. ഇന്ത്യയിലെമ്പാടും പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ, മുഖ്യ ചർച്ചാവിഷയമായി മാറിയ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാർലമെന്റ് മണ്ഡലം പത്തനംതിട്ടയാണ് . അതുകൊണ്ട് ഇവിടത്തെ തീ പാറുന്ന പോരാട്ടം ലോകം തന്നെ ഉറ്റുനോക്കുന്ന ഒന്നായി മാറിയിട്ടുണ്ട്.

എന്നാൽ കേരളത്തിലെ വിവിധ മാധ്യമങ്ങൾ നടത്തിയ എല്ലാ സർവേകളും യു ഡി എഫിന്റെ വ്യക്തമായ വിജയം പ്രവചിച്ചിരിക്കുന്ന അപൂർവം മണ്ഡലങ്ങളിൽ ഒന്ന് പത്തനംതിട്ടയാണ്. സിറ്റിംഗ് എം. പി ആന്റോ ആന്റണി തിരഞ്ഞെടുപ്പ് തേരോട്ടത്തിൽ വ്യക്തമായ മുൻതൂക്കം നേടിയിരിക്കുന്നു എന്നത് സർവേ ഫലങ്ങളിലും തെളിയുന്നു എന്നതാണ് മണ്ഡലത്തിൽ പര്യടനം നടത്തുമ്പോൾ വ്യക്തമാകുന്ന ചിത്രം.

മനോരമ ന്യൂസ് നടത്തിയ സർവേ യു ഡി എഫിന് 42 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന് കണക്കാക്കുമ്പോൾ രണ്ടാം സ്ഥാനത്ത് വരുന്ന എൽ ഡി എഫ് കാതങ്ങൾക്ക് പിന്നിലാണ്. 33 ശതമാനം ആയിരിക്കും എൽ ഡി എഫിന്റെ വോട്ടു വിഹിതമെന്ന് സർവ്വേ പറയുന്നു. കാടിളക്കി, വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് വലിയ അട്ടിമറി സൃഷ്ടിക്കുമെന്ന പ്രതീതി പരത്തുന്ന ബി ജെ പി പക്ഷെ, 21 ശതമാനം വോട്ട് മാത്രമേ ഇവിടെ നേടൂ.
അൽപം അതിശയോക്തിപരമെന്ന് വിശേഷിപ്പിക്കാവുന്ന സർവേ ഫലമാണ് മാതൃഭൂമി ന്യൂസിന്റെത്. ബി ജെ പിക്ക് രണ്ടാം സ്ഥാനം ഈ സർവേ പ്രവചിക്കുമ്പോഴും വിജയം യു ഡി എഫ് സ്ഥാനാർത്ഥിക്കെന്ന കാര്യത്തിൽ മാതൃഭൂമി ന്യൂസ് – നീൽസൺ സർവേക്കും സംശയമില്ല. പത്തനംതിട്ടയിൽ വളരെ കടുത്ത ഒരു മത്സരമാണെങ്കിലും ആന്റോ ആന്റണിക്ക് 32 ശതമാനം വോട്ട് ഇവർ പ്രവചിക്കുന്നു. ബി ജെ പി സ്ഥാനാർത്ഥി 31 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തും 29 ശതമാനം വോട്ടോടെ വീണ ജോർജ് മൂന്നാം സ്ഥാനത്തെത്തുമെന്നുമാണ് മാതൃഭൂമിയുടെ പ്രവചനം.

യു ഡി എഫും എൻ ഡി എ യും തമ്മിലാണ് പത്തനംതിട്ടയിലെ പോരാട്ടമെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലയിരുത്തൽ. ശക്തമായ ത്രികോണ മത്സരം ഈ സർവേ മണ്ഡലത്തിൽ കാണുന്നില്ല. എന്നിരുന്നാലും വിജയത്തിന്റെ കാര്യത്തിൽ യു ഡി എഫ് തന്നെയെന്ന് മാതൃഭൂമി സർവേയും ഉറപ്പിക്കുന്നു. 37 ശതമാനം വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണി നേടുമെന്ന് ഇവർ പ്രവചിക്കുന്നു. 36 ശതമാനം വിഹിതവുമായി കെ. സുരേന്ദ്രൻ രണ്ടാം സ്ഥാനത്തും 20 ശതമാനം വോട്ടുമായി വീണ മൂന്നാം സ്ഥാനത്തുമെന്നാണ് ഇവരുടെ നിഗമനം. കേരളത്തിലെ മൂന്ന് പ്രമുഖ വാർത്ത ചാനലുകളുടെ സർവേകൾ ഒന്ന് പോലെ പത്തനംതിട്ടയിൽ യു ഡി എഫിന് വിജയം ഉറപ്പിച്ചു പ്രവചിക്കുന്നു.

ഇനി 2014ലെ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരവും യു ഡി എഫ് വിജയത്തിൽ സംശയമില്ലെന്ന് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 358,842 വോട്ടുകൾ നേടിയാണ് ആന്റോ ആന്റണി വിജയം നേടിയത്. അതായത് മൊത്തം പോൾ ചെയ്ത വോട്ടിന്റെ 41.19 ശതമാനം. 302,651 വോട്ടാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ഫിലിപ്പോസ് തോമസ് പോൾ ചെയ്തത്, 35.48 ശതമാനം. അന്നത്തെ ബി ജെ പി സ്ഥാനാർത്ഥി എം ടി രമേശ് നേടിയത് 138,954 വോട്ടാണ്. വോട്ട് ഷെയർ – 15 .97 ശതമാനം.

ശക്തമായ ത്രികോണ മത്സരം എന്ന് വിലയിരുത്തിയാലും വിജയിയാകുന്ന സ്ഥാനാർത്ഥിക്ക് മൂന്ന് ലക്ഷം വോട്ടെങ്കിലും നേടേണ്ടി വരും. ശബരിമലയുടെ പേരിൽ വൈകാരികമായ വോട്ടിംഗ് ഉണ്ടായാൽ പോലും ബി ജെ പി ക്ക് പരമാവധി കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി വോട്ട് നേടാൻ കഴിഞ്ഞേക്കാം. അപ്പോഴും വിജയത്തിന് ആവശ്യമായ മാന്ത്രിക സംഖ്യയുടെ അടുത്തെത്തുന്നില്ല. കഴിഞ്ഞ തവണ ഡി സി സി അധ്യക്ഷനായിരുന്ന ഫിലിപ്പോസ് തോമസിന്റെ വ്യക്തിപരമായ സ്വാധീനം ഇടതുമുന്നണിക്ക് സഹായകമായി. എന്നാൽ ഇക്കുറി യു ഡി എഫ് വോട്ടുകൾ അത്തരത്തിൽ വിഘടിച്ചു പോകില്ലെന്ന് യു ഡി എഫ് നേതാക്കളും പ്രവർത്തകരും ഉറപ്പിച്ചു പറയുന്നു. ശബരിമല വിഷയം പരിഗണിക്കുമ്പോൾ ഇടതു വോട്ടുകളാണ് ബി ജെ പിക്ക് പോവുക. കാരണം, ഈ വിഷയത്തിലെ സർക്കാർ നിലപാടിൽ ഇടതു മുന്നണി പ്രവർത്തകർക്കിടയിൽ തന്നെ അമർഷമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അടക്കമുള്ളവരുടെ നിലപാടുകൾ ഇതിനു ഉദാഹരണമാണ്. എന്നാൽ ശബരിമല വിഷയത്തിൽ യു ഡി എഫ് പക്ഷത്തു നിന്നും കാര്യമായ വോട്ട് ചോർച്ചക്കുള്ള സാധ്യത മണ്ഡലത്തിൽ കാണുന്നുമില്ല.

സഭാതർക്കത്തിൽ യാക്കോബായ വിഭാഗത്തിനുള്ള പ്രതിഷേധവും ഇടതുമുന്നണിക്ക് പ്രതികൂലമായി ഭവിക്കുമെന്നാണ് വിലയിരുത്തൽ. ഈ വോട്ടിംഗ് കണക്കുകളെല്ലാം പരിഗണിക്കുമ്പോൾ യു ഡി എഫ് വോട്ടുകൾ ഏറെക്കുറെ സ്ഥിരമായി തുടരുമെന്നാണ് വിലയിരുത്തൽ. ബി ജെ പി വോട്ട് നില മെച്ചപ്പെടുത്തിയാലും വിജയത്തിലേക്ക് ഒരു വിധത്തിലും അടുക്കുന്നില്ല. അതുകൊണ്ടാണ് എല്ലാ സർവേ ഫലങ്ങളും ആന്റോ ആന്റണിക്ക് അനുകൂലമായി പ്രതികരിച്ചത് എന്നാണ് മണ്ഡലത്തിലെ ജനങ്ങൾ അഭിപ്രായപ്പെടുന്നത്.

SHARE