ബെന്നി ബെഹനാന് വിശ്രമം; ചാലക്കുടിയിലെ പ്രചാരണം ഇനി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനം. ഇന്ന് രാവിലെ പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിക്കും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളുടെ റോഡ് ഷോയടക്കം നടത്തി സ്ഥാനാര്‍ഥിയുടെ അഭാവത്തിലും പ്രചാരണം സജീവമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

എറണാകുളം-തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പര്യടനത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കവേയാണ് ബെന്നി ബെഹനാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലാകുന്നത്. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കൈവിട്ട സീറ്റ് ബെന്നി ബെഹനാനിലൂടെ തിരിച്ചുപിടിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ആരോഗ്യസ്ഥിതി പരിഗണിച്ച് ബെന്നി ബെഹനാന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചത് വലതുക്യാംപിനെ അങ്കലാപ്പിലാക്കി.

ഈ സാഹചര്യത്തിലാണ് എംഎല്‍എമാരെ പ്രചാരണത്തിന് ഇറക്കാനുള്ള തീരുമാനം. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍, വി പി സജീന്ദ്രന്‍ എന്നിവര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. കൂടാതെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ മണ്ഡലത്തില്‍ സജീവ പ്രചാരണം നടത്തും.

എറണാകുളം ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ എംഎല്‍എ മാരായ വി ഡി സതീശന്‍, പി ടി തോമസ് എന്നിവരും പ്രചാരണത്തിന് ഊര്‍ജം പകരാന്‍ എത്തും. ആലുവയില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നെഞ്ചു വേദനയെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബഹന്നാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നര ആഴ്ചത്തെ വിശ്രമം വേണമെന്നാണ് ബെന്നി ബെഹനാന് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

Similar Articles

Comments

Advertismentspot_img

Most Popular