ഇന്ദിരയ്ക്ക് ഭയമില്ലായിരുന്നു.. എന്നാല്‍ ഏപ്പോഴും ഭയപ്പെടുന്നതുപോലെ അഭിനയിക്കും, നരേന്ദ്രമോദിയോട് വിദ്വേഷമില്ല, സ്‌നേഹം മാത്രമാണുള്ളതെന്നും രാഹുല്‍ഗാന്ധി

പുണെ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിദ്വേഷമില്ല, സ്‌നേഹം മാത്രമാണുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍, മോദിക്ക് തന്നോട് വിദ്വേഷമുണ്ടെന്നും പുണെയ്ക്ക് സമീപം കോളേജ് വിദ്യാര്‍ഥികളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. ബാല്യകാലത്തെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ടതാണെന്ന് ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.

ഇന്ദിര ഓഫീസില്‍നിന്ന് തിരിച്ചെത്തുന്ന സമയത്ത് താന്‍ വീട്ടിലെ കര്‍ട്ടന് പിന്നില്‍ മറഞ്ഞിരിക്കാറുണ്ടായിരുന്നു. മുത്തശ്ശി വീട്ടിലെത്തുന്ന സമയത്ത് താന്‍ കര്‍ട്ടന് പിന്നില്‍നിന്ന് അവര്‍ക്ക് മുന്നിലേക്ക് ചാടി ഭയപ്പെടുത്താന്‍ ശ്രമിക്കും. മുത്തശ്ശി ഭയപ്പെട്ടിരുന്നില്ലെന്ന് ഇന്ന് എനിക്കറിയാം. എന്നാല്‍ എല്ലായ്‌പ്പോഴും ഭയപ്പെട്ടതായി മുത്തശ്ശി നടിച്ചിരുന്നു.കുട്ടിക്കാലം മുതല്‍ തന്റെ അടുത്ത സുഹൃത്തായിരുന്നു പ്രിയങ്ക. വളരെ അടുത്ത ബന്ധമാണ് പ്രിയങ്കയുമായി ഉള്ളത്.

കുട്ടിക്കാലം മുതല്‍ നടുക്കുന്ന സംഭവങ്ങള്‍ പലതിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. തന്റെ മുത്തശ്ശി കൊല്ലപ്പെട്ടു. പിന്നീട് പിതാവ് രാജീവ്ഗാന്ധിയും വധിക്കപ്പെട്ടു. ഈ അവസരങ്ങളില്‍ എല്ലാം പിന്തുണ നല്‍കി പ്രിയങ്ക കൂടെനിന്നു. പ്രിയങ്കയുടെ രാഷ്ട്രീയ രംഗപ്രവേശത്തിന് ശേഷവും ഒരകല്‍ച്ചയും തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. അവര്‍ കെട്ടുന്ന രാഖി അടുത്തവര്‍ഷം വരെ താന്‍ അഴിക്കാറില്ല. കഴിഞ്ഞ കാലങ്ങളില്‍ ഇരുവരും പരസ്പരം വഴക്കുണ്ടാക്കിയിരുന്നു. എല്ലായ്‌പോഴും ഒരാള്‍ മുന്നോട്ടുവന്ന് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും.

യുവാക്കള്‍ സാമൂഹ്യ മാധ്യമങ്ങല്‍ക്ക് അടിമപ്പെട്ട് ഭാവനാ ലോകത്ത് ജീവിക്കുന്നതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ രാഹുലിനോട് ചോദിച്ചു. ഭാവനാലോകത്ത് ജീവിക്കാനാണ് ആരെങ്കിലും തീരുമാനിക്കുന്നതെങ്കില്‍ ഇവരെ അതിന് അനുവദിക്കണം എന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാല്‍, ഒരിക്കല്‍ എല്ലാവര്‍ക്കും യാഥാര്‍ഥ്യങ്ങളെ നേരിടേണ്ടിവരും. സാമൂഹ്യ മാധ്യമങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ സംരക്ഷിക്കില്ല. ഈ ഘട്ടത്തില്‍ ചിലപ്പോള്‍ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെ നേരിടേണ്ടി വന്നേക്കാമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

സൈന്യം നടത്തിയ വ്യോമാക്രമണത്തിന്റെ നേട്ടം ആര്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു വിദ്യാര്‍ഥികളുടെ മറ്റൊരു ചോദ്യം. ഇന്ത്യന്‍ വ്യോമസേനയ്ക്കാണ് മുഴുവന്‍ നേട്ടവും അവകാശപ്പെടാന്‍ കഴിയുകയെന്ന് രാഹുല്‍ പറഞ്ഞു. വ്യോമാക്രമണം അടക്കമുള്ളവയെ രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പില്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular